FIDELITY – ലക്ഷ്യവും, മാർഗവും
Fidelity-1
![]() |
| ... on a hi-fi cloud-9 ... |
അപ്പോൾ മറ്റൊരു ചോദ്യം ഉദിക്കുന്നു… ഇതൊരു ചോദ്യമാണോ?
ലളിതമായ ഒരു ചോദ്യമാകാം…ഒരു പക്ഷെ, ചോദ്യം അല്ലാതെയുമാകാം, അതാണതിന്റെ ഒരു ഭാവം.
എന്തിനും ഒരു അടിസ്ഥാന കാരണം വേണമല്ലോ, ഉച്ച പ്രാന്തിനും. ഒരു കാര്യത്തിൽ നമ്മളിൽ ഭൂരിഭാഗവും സഹോദരങ്ങളാണ് – നമ്മെ ഭ്രമിപ്പിക്കുന്ന, വഴി തെറ്റിക്കുന്ന, ബുദ്ധി ചിന്തയെ പണയം വെയ്പ്പിക്കുന്ന ഒന്നാണ് നമ്മുടെയൊക്കെ “ഓഡിയോ പ്രാന്ത്”. ഇതൊരു മരീചികയാണ്. കൈ എത്തിപ്പിടിച്ചു വരണമാല്യം അണിയിച്ചു സ്വന്തം ആക്കാമെന്നു കരുതുമ്പോഴേക്ക് അത് വീണ്ടും ദൂരത്തായി കഴിഞ്ഞു. ഇതാണ് fidelity എന്ന ഈ സുന്ദരിയുടെ മായാജാലം. (audiophiles/hobbyists 98 ശതമാനവും സുന്ദരന്മാരാണ് !!)
ഇന്നത്തെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക സാഹചര്യത്തിൽ എന്താണ് ഫിഡെലിറ്റി, എങ്ങനെ അതിലേക്കെത്താം എന്നൊക്കെയുള്ള ചിന്തകൾക്ക് (reflections) സാംഗത്യം ഉണ്ടെന്നു തോന്നുന്നു. ഗൃഹാന്തരീക്ഷത്തിലെ സംഗീത പുനരാവിഷ്കാരത്തെ സംബന്ധിച്ചിടത്തോളം ഈ നിർവചനം കുറെയൊക്കെ ലളിതവൽക്കരിക്കാം.
Original source programme ന്റെ ആലേഖനം (recording ), മൈക്രോഫോണുകളുടെ വിന്യാസം, ഉപകരണങ്ങളുടെ കൃത്യത, mixing & mastering ന്റെ സങ്കീർണതകൾ, mixing engineer ടെ subjective preferences ഇവയിലൊന്നും തന്നെ നമുക്ക് യാതൊരു വിധ നിയന്ത്രണങ്ങളും ഇല്ല. നമ്മുടെ കൈയിൽ എത്തുന്നത് ഒന്നുകിൽ ഒരു LP, ഒരു cassette, ഒരു CD, അല്ലെങ്കിൽ ഒരു data stream ഇവയായിരിക്കും. അപ്പോൾ പിന്നെ അവശേഷിക്കുന്നതും, നമുക്ക് കുറച്ചൊക്കെ കൈപ്പിടിയിലൊതുക്കാവുന്നതും, ഈ recordings ന്റെ reproduction ൽ സ്വീകരിക്കേണ്ട കാര്യങ്ങളാണ്.
നമ്മുടെ listening room + speaker ആണ് ഇതിലെ ഏറ്റവും critical ആയ ഘടകം. യഥാതഥമായ ശബ്ദപുനർവിന്യാസത്തിനു അത്യന്താപേക്ഷിതമായ ഒന്നാണ് നല്ല “fidelity” ഉള്ള ഒരു സ്പീക്കർ. ഫിഡെലിറ്റിയിലേക്കുള്ള യാത്ര ഇവിടെ നിന്നും തുടങ്ങുന്നു. ലളിതമായ ഒരു ലക്ഷ്യമേ ഈ യാത്രക്കുള്ളു – original source നോട് നീതി പുലർത്തുന്ന ഒന്നായിരിക്കണം നമ്മുടെ സ്‌പീക്കറുകൾ പുനരാവിഷ്കരിക്കുന്ന ശബ്ദ ലോകം.
ഇതത്ര എളുപ്പമുള്ള ഒരു സംഗതിയല്ല. Reproduction ന്റെ ഫിഡെലിറ്റി കൃത്യമായി judge ചെയ്യണമെങ്കിൽ ആദ്യം വേണ്ടത് സാങ്കേതിക ഉപകരണങ്ങളുടെ ഇടനിലയില്ലാതെ “unplugged” ആയി acoustic instruments ന്റെ ശബ്ദം, വായ്പാട്ടു ഇവ പരിചയിക്കുകയാണ് വേണ്ടത്. ഫിഡെലിറ്റിയുടെ മാറ്റുരച്ചു നോക്കാൻ ഈ അനുഭവം നമ്മെ പ്രാപ്തരാക്കും, സംശയമില്ല.
ഈ യാത്രയിൽ അനുയാത്ര ചെയ്യാൻ താല്പര്യമുള്ളവർ ദയവായി Fidelity-2 നായി കാത്തിരിക്കുക. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.
അവസാനിപ്പിക്കുന്നതിന് മുൻപ് ഒരിക്കൽ കൂടി ആ ആദ്യവാചകം / ചോദ്യം നോക്കാം.
എനിക്ക് തോന്നുന്നത് ആ വാചകം ഒരു രണ്ടു, മൂന്ന് രീതിയിൽ വായിക്കാമെന്നാണ്.
നിങ്ങളിൽ ഭാവനാസമ്പന്നരായവർ വായിച്ചെടുത്തു പോസ്റ്റ് ചെയ്താൽ രസകരമായിരിക്കും. എൻ്റെ “വായന” Fidelity-2 ൽ തീർച്ചയായും ഉണ്ടാവും.
നന്ദി, നമസ്കാരം.
===========
Fidelity-2
![]() |
| His Master's Noise |
ആ …ആർക്കറിയാം…!!
ഒന്നാം വായന:
തുടർന്ന് വായിക്കുമല്ലോ.
=============
Fidelity-3
ഒരു ദീർഘ hi-fi യാത്രക്ക് പറ്റിയ കൂട്ട് ഈ “super-confident” കാരണവർ തന്നെ എന്ന് ഞാനും കരുതി. നീണ്ട നരച്ച താടിയും, മുടിയുമുള്ള ആ വയോധികന്റെ (ഒറ്റ നോട്ടത്തിൽ നമ്മുടെ പ്രിയ നെൽസൺ പാസിന്റെ ഒരു “കട്ട്” ഉണ്ട് !) കൂടെ കൂടിയാൽ പ്രയോജനമുള്ള എന്തെങ്കിലുമൊക്കെ “തടയും” എന്നുറപ്പായിരുന്നു. എന്റെ തുടരനുഭവങ്ങൾ പെട്ടെന്നുണ്ടായ ആ തോന്നലിനെ ശരി വയ്ക്കുകയും ചെയ്തു.
ഓഡിയോ മേഖലയുടെ ഉയിർത്തെഴുനേൽപ്പുണ്ടായത് post-war കാലത്തായിരുന്നു. 1950 കളായപ്പോഴേക്കും “high fidelity” അഥവാ hi-fi എന്ന വാക്ക് ജന മനസ്സുകളെ കീഴടക്കിയിരുന്നു. പക്ഷെ അവസരത്തിലും അനവസരത്തിലും, ആവശ്യത്തിനും അനാവശ്യത്തിനും മാർക്കറ്റിങ് തന്ത്രജ്ഞർ എടുത്തു വീശുന്ന ഒന്നായി ആ വാക്ക് തരം താണു. എന്തിനേറെ, പലപ്പോഴും സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ മുതൽ കാറുകളുടെ വരെ മേന്മ വിളിച്ചോതാൻ ഉപയോഗിക്കുന്ന ഒരു മന്ത്രമായിത്തീർന്നു Hi-fi എന്ന ഈ ചുരുക്കപ്പേര്.
രസകരമായ മറ്റൊരു കാര്യം 1950 കളിൽ ഒരു integrated music system ത്തിന്റെ വിളിപ്പേരായിരുന്നു ‘hi-fi’ എന്നത് !! (“Playing the latest LP on the home hi-fi.”, “ I bought a new hi-fi this Christmas.” തുടങ്ങിയ പ്രയോഗങ്ങൾ ശ്രദ്ധിക്കുക.) 1960 കളിൽ stereo നിറഞ്ഞാടിയപ്പോൾ പിന്നെ അതിനായി ജന മനസുകളിൽ സ്ഥാനം.
ഒന്ന് പറയാം, എന്തൊക്കെയോ ആണെന്ന് തോന്നിപ്പിച്ചു, നല്ല വണ്ണം മോഹിപ്പിച്ചു, പരശ്ശതം ആളുകളുടെ കീശ കാലിയാക്കിയ ഒരു തന്ത്രമായിരുന്നു “hi-fi” എന്ന പ്രയോഗം. AM റേഡിയോയുടെ low-fi യിൽ നിന്ന് FM ൻ്റെ hi-fi ലേക്ക് ചുവടു മാറിയ അക്കാലത്തു ഇതൊക്കെ പ്രതീക്ഷിക്കാവുന്നതേ ഉള്ളു. അതൊക്കെ ഒരു കാലം.
ഇന്ന് നമ്മൾ എത്തി നിൽക്കുന്ന ഈ “high end” കാലഘട്ടത്തിലും എന്താണീ high fidelity എന്നതിനെക്കുറിച്ച പലർക്കും പല അഭിപ്രായമാണ്. തീർച്ചയായും ഫിഡെലിറ്റിയെ ഒരു സൂക്ഷ്മനിരീക്ഷണം ചെയ്യേണ്ട സമയം ഇത് തന്നെയാണ്.
എന്താണ് ഫിഡെലിറ്റി ?
ഫിഡെലിറ്റി എന്ന വാക്കിനെ ഏതാണ്ടിങ്ങനെ നിർവ്വചിക്കാമെന്നു തോന്നുന്നു – “മൂലാനുസാരിത്വം” എന്നാണ് നിഘണ്ടു നൽകുന്ന അർഥം. അതായതു, original source നോട് സത്യസന്ധമായ, യഥാതഥമായ സാമ്യം പുലർത്തുക. എന്ന് വച്ചാൽ (ഓഡിയോയെ സംബന്ധിച്ചിടത്തോളും) ആലേഖനം ചെയ്യപ്പെട്ട ഒരു സംഗീത സദസ്സിന്റെ പുനർസൃഷ്ടി ആ മൂലാനുഭവത്തിന്റെ അതെ പ്രതീതി നൽകണം എന്നാണ്. ഇത് എത്രത്തോളും സാധ്യമാകുമോ, അത്രത്തോളം “fidelity” ഉണ്ട് എന്നു കരുതാം.
നന്മ തിന്മകളെപ്പോലെയാണ് ഫിഡെലിറ്റിയും. അല്പം ചീത്ത നന്മ, അല്ലെങ്കിൽ അല്പം നല്ല തിന്മ എന്നത് അംഗീകരിക്കാൻ പ്രയാസമാണ്. ഫിഡെലിറ്റിക്കു ഉയർച്ച-താഴ്ചകളില്ല. (low-fi / hi-fi എന്നതൊക്കെ ഒരു മാർക്കറ്റിംഗ് തന്ത്രം മാത്രം) ഫിഡെലിറ്റി എന്നത് ആദർശപരമായ പൂര്ണതയുടെ (ideal perfection ) ഒരാശയമാണ്. പ്രയോഗികമായിട്ടു എത്രത്തോളും അതിലേക്കു ചേർന്നിരിക്കാമോ അത്രയും നല്ലതെന്നു കരുതാം.
നേരത്തെ സൂചിപ്പിച്ചതു പോലെ, ശബ്ദലേഖനം, mastering ഇവയ്ക്കു ഉപയോഗിച്ച equipment, mixing engineers ൻ്റെ വൈദഗ്ധ്യം ഇതൊക്കെ ഒന്നാം തരം എന്ന വിശ്വാസത്തിലാണ് നാം ഒരു recording വാങ്ങുന്നത്. ഒരു audiophile/hobbyist നെ സംബന്ധിച്ചിടത്തോളും ഈ recording ൽ നിന്നും ഗൃഹാന്തരീക്ഷത്തിൽ ശബ്ദപുനർസൃഷ്ടിയിൽ ഉയർന്ന നിലവാരത്തിലുള്ള fidelity നേടിയെടുക്കലാണ് ലക്‌ഷ്യം. ഇതിന് വേണ്ടത് എന്തൊക്കെ ഘടകങ്ങളാണെന്നു നോക്കാം.
ശാസ്ത്രീയമായ ഒരു പൊതു വിലയിരുത്തൽ, “ശബ്ദ സത്യം” നേടാനുള്ള ഘടകങ്ങൾ നാലു അടിസ്ഥാന സാങ്കേതിക കാര്യങ്ങളാണ് എന്നാണ്. ഇവയാണ് Frequency Response, Distortion, Noise, and Time-based Errors. ഒറ്റ നോട്ടത്തിൽ വളരെ ലളിതമെന്നു തോന്നാമെങ്കിലും ഇതിൽ വളരെയധികം സംഗതികൾ ഒളിഞ്ഞിരിപ്പുണ്ട്. (ഇവയെ തുടർന്ന് വിശദമായി പരിശോധിക്കാം.)
ഈ നാലു തൂണുകളിലാണ് ഫിഡെലിറ്റിയുടെ സൗധം ഉയർന്നു നിൽക്കുന്നത് എന്ന് പറയാം. Audio science ഇതിനപ്പുറം ഉള്ള ഒരു സങ്കേതത്തെക്കുറിച്ചും പറയുന്നില്ല എന്നാണ് വിദഗ്ദ്ധ മതം. അതായതു, original source ൻ്റെ ഈ നാലു parameters ‘നഷ്ട’ങ്ങളില്ലാതെ (without any loss) record ചെയ്തു, അതെ നിലയിൽ reproduce ചെയ്യാൻ സാധിച്ചാൽ fidelity പൂർണമായും നേടാൻ കഴിയും എന്നാണ് ശാസ്ത്രീയ വിലയിരുത്തൽ.
വളരെയധികം ലളിതവൽക്കരിക്കപ്പെട്ട ഒരു theoretical സങ്കല്പമാണിത്. ഒട്ടനവധി തർക്ക-വിതർക്കങ്ങൾക്കു വഴിമരുന്നിട്ട ഒരു ആശയമാണിതെന്നു പറയാതെ വയ്യ. ഇതേ വരെ കണ്ടു പിടിക്കപ്പെടാത്ത, ഇന്നത്തെ അറിവുകൾ വച്ചു ശാസ്ത്രത്തിനു specify ചെയ്യാനൊക്കാത്ത, ഇന്നത്തെ ഉപകരണങ്ങൾക്ക് അളക്കാൻ കഴിയാത്ത “എന്തോ ഒന്ന്” audio fidelity എന്ന സങ്കൽപ്പത്തിനകത്തു ഒളിഞ്ഞു കിടപ്പുണ്ട് എന്ന് വിശ്വസിക്കുന്ന ധാരാളം audiophiles ലോകം മുഴുവനും ഉണ്ടെന്നത് പരമാർത്ഥം. തത്കാലം നമുക്ക് ഇവയൊക്കെ വിട്ടിട്ടു, ഈ നാലു ഘടകങ്ങളെയും, അതുമായി ബന്ധപ്പെട്ടു കിടക്കുന്ന audio specifications നെയും ഒന്നൊന്നായി അടുത്തറിയാൻ ശ്രമിക്കാം.
ദശകങ്ങൾ നീണ്ട അനുഭവങ്ങളും, അറിവും പ്രായോഗികതയും വശമാക്കിയവരുമായുള്ള സംവാദങ്ങളും മറ്റുമാണ് ഈ വിഷയങ്ങളെ ലളിതമായി അവതരിപ്പിക്കാൻ എന്നെ സഹായിച്ചിട്ടുള്ളത്.
പ്രിയ സുഹൃത്തുക്കളെ, ശ്രദ്ധക്കുറവ് കൊണ്ട് നാം കാണാതെ പോയ, മനസ്സിലാക്കാത്ത, ചില വശങ്ങൾ hi-fi എന്ന സൗധത്തിനുള്ളിലുണ്ട്. നമുക്കത്തിലേക്കുള്ള പടവുകൾ കയറാം.
തുടർന്ന് വായിക്കുമല്ലോ.
നന്ദി, നമസ്കാരം.
==============
Fidelity-4
![]() |
| ... His Master's Choice ... |
ഇവിടെയാണ് നേരത്തെ സൂചിപ്പിച്ച മറ്റൊന്ന് കൂടി സംഗതമാകുന്നത് – ഒരു audio system ത്തിന്റെ “goodness” ൻറെ സൂചകമായ ഒരു ‘spec’ നിർവ്വചിക്കാൻ ശാസ്ത്രത്തിനും audio കുലപതികൾക്കും ഇതേവരെ സാധിച്ചിട്ടില്ല.
പക്ഷെ അതിനർത്ഥം മുൻപറഞ്ഞ അതീവപ്രാധാന്യമുള്ള ഘടകങ്ങളെ അവഗണിക്കാം എന്നല്ല. പ്രത്യുത, മേൽ ഘടകങ്ങളുടെ specs മാത്രം objective ആയി പരിഗണിച്ചു ഒരു audio system തിരഞ്ഞെടുത്താൽ അത് subjective ആയ പൂർണ സംതൃപ്‌തി നൽകിക്കൊള്ളണമെന്നില്ല. ശബ്ദശാസ്ത്രത്തിന്റെ ഉത്പത്തിയോളം തന്നെ പ്രായമുള്ള ഒരു വടംവലി ആണ് subjective/objective judgement തമ്മിൽ നിലനിൽക്കുന്നത്. സാമാന്യബോധത്തിൽ അധിഷ്ഠിതമായ ഒരു നിലപാട്, ശ്രീബുദ്ധൻ ഉപദേശിച്ചത് പോലെ ഒരു “മധ്യ മാർഗം” സ്വീകരിക്കലായിരിക്കും എന്ന് തോന്നുന്നു. [[ ഈ വിഷയം ഇനി പല അവസരങ്ങളിൽ (FR, noise, THD, realism etc പ്രതിപാദിക്കുമ്പോൾ) സ്വാഭാവികമായും ഉയർന്നു വരും. സാന്ദർഭിക വിശദീകരണങ്ങൾ അപ്പോഴാകാം.]]
ഒരു കാര്യം കൂടി ഓർത്തിരിക്കേണ്ടതുണ്ട്. അതായതു ഇപ്പറഞ്ഞ specs ഒന്നും ഏതെങ്കിലും ഒരു ഉപകരണത്തിന്റെ മാത്രം കുത്തകയല്ല. Audio chain ൽ വരുന്ന എല്ലാ ഉപകരണങ്ങൾക്കും specs ലെ perfection എന്നത് ആവശ്യം വേണ്ട ഒരു അടിസ്ഥാന ഗുണം തന്നെയാണ്. ഓർക്കുക, recording മുതൽ reproduction വരെയുള്ള ഒരു സുദീർഘമായ ചങ്ങല തന്നെയാണിത്. “A chain is no stronger than its weakest link “ എന്ന ആപ്‌തവാക്യം മനസ്സിലുണ്ടെങ്കിൽ എവിടെങ്കിലും ഉണ്ടായ ഒരു ചെറിയ പോരായ്മ മതി ഫിഡെലിറ്റിയെ തകർക്കാൻ എന്ന് ബോധ്യമാകും.
പ്രായോഗിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ഒന്ന് കൂടി പറയേണ്ടതുണ്ട്. ശാസ്ത്രവും, എഞ്ചിനീയറിങ്ങും ഇന്നെത്തിനിൽക്കുന്ന നിലയിൽ നോക്കിയാൽ, ഒരു home music reproduction chain നിലുള്ള source, amp, speaker ഇവയിൽ “weakest link” (ഏതു വില/ക്വാലിറ്റി നിലവാരത്തിലായാലും) speakers തന്നെയാണെന്ന് കാണാം. അതായതു, ഒരുമാതിരി തൃപ്തികരമായി നല്ല specs meet ചെയ്യുന്ന ആംമ്പുകൾ speakers നേക്കാൾ വളരെയധികം ലഭ്യമാണ്.
ഒരു പുതിയ ആമ്പ് audition ചെയ്തിട്ട്, ഇതിന്റെ mid വളരെ ‘thin’ ആയിരിക്കുന്നു, bass നു ഒരു “booming” ഉണ്ട്, highs അല്പം ‘shrill’ ആണോ എന്ന് സംശയം ഉണ്ട് .. എന്നൊക്കെ അടിച്ചു വിടുമ്പോൾ നമ്മൾ ഒരു കാര്യം ഓർക്കണം – നമ്മുടെ സ്‌പീക്കറിന് ആമ്പിന്റെ ഫിഡെലിറ്റി judge ചെയ്യാൻ തക്ക ഒരു “standard spec” ഉണ്ടോ, അതിനായി ‘calibrate’ ചെയ്തിട്ടുണ്ടോ എന്ന്. അങ്ങനെയൊരു standard വികസിപ്പിച്ചെടുക്കൽ ഇന്നാൾ വരെ പ്രയോഗികമായിട്ടില്ല.
ഈ വിഷമ സന്ധിയിൽ നമുക്കു കരണീയമായിട്ടുള്ളത്, specs, വില, നാം ഇഷ്ടപ്പെടുന്ന തരത്തിലുള്ള സംഗീതത്തോടുള്ള ചേർച്ച, നമ്മുടെ മുറിയുടെ വലുപ്പം തുടങ്ങിയ കാര്യങ്ങൾ മനസ്സിൽ വച്ച് കൊണ്ട്, കഴിയുമെങ്കിൽ ഒന്നു രണ്ടു speakers വീട്ടിൽ വച്ച് തന്നെ ഓഡിഷൻ ചെയ്യക. (ഒരു നല്ല ആമ്പ് കുറച്ചു ദിവസത്തേക്ക് കടം വാങ്ങേണ്ടി വരും!) ഇതിൽ വിവിധ സംഗീത genres ഉം ആയി ഏറ്റവും മെച്ചപ്പെട്ട subjective satisfaction നൽകുന്ന സ്പീക്കർ തിരഞ്ഞെടുക്കുക. ശേഷം, പല ആമ്പുകൾ പരീക്ഷിച്ചു അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കുക. അങ്ങനെയായാൽ വലിയ കുഴപ്പങ്ങൾ ഉണ്ടാവാനിടയില്ല.
മേല്പറഞ്ഞ audition panelലിൽ “സത്യസന്ധമായ കാതുകൾ” ഉള്ള ഏതാനും സുഹൃത്തുക്കളെയും, ഒന്നോ രണ്ടോ ചെറുപ്പക്കാരായ സംഗീത വിദ്യാർത്ഥികളെയും ഉൾപ്പെടുത്തുന്നത് വളരെ നന്നായിരിക്കും. ഇതിന്റെ സാംഗത്യം വഴിയേ മനസ്സിലാകും.
ഇത്രയുമൊക്കെ അടിസ്ഥാന വിഷയങ്ങൾ മനസ്സിൽ വച്ച് കൊണ്ടായിരിക്കണം ആദ്യം സൂചിപ്പിച്ച specs നെ പരിചയപ്പെടാൻ ഇറങ്ങേണ്ടത്. ഇനി നമുക്കു ഒന്നൊന്നായി അവയിലേക്ക് കടക്കാം.
തുടർന്ന് വായിക്കുമല്ലോ.
നന്ദി.
===========
ഒന്ന്, measurements നുള്ള എളുപ്പം തന്നെ; speakers നെ “സത്യസന്ധമായി” അളക്കണമെങ്കിൽ ഒട്ടും എളുപ്പമല്ല – അളവുകളെ സ്വാധീനിക്കുന്ന ഒട്ടു വളരെ complications ഉണ്ട്. Amps അങ്ങനെയല്ല, പൊതുവെ മര്യാദക്കാരും, lab instruments ന്റെ പിടിയിൽ നിൽക്കുന്നവരും ആണ്.
രണ്ട്, ആമ്പ് ഏതായാലും അവ സ്‌പീക്കറുകളെക്കാൾ പൊതുവെ specs ൽ മെച്ചമായിരിക്കും. ഒരു രസകരമായ വസ്തുത “high-end” audio യുടെ ഇക്കാലത്തും “best speakers” എന്ന ലേബൽ ഉള്ള, ലക്ഷങ്ങൾ വിലയുള്ള പല സ്‌പീക്കർസും 3 % വരെയൊക്കെ THD ഉള്ളവയാണെന്നു കാണാം.
Frequency Response
Specs നെക്കുറിച്ചു ചിന്തിക്കുമ്പോൾ ആദ്യ സ്ഥാനം തീർച്ചയായും Frequency Response (FR ) നാണു. ഏവർക്കും അറിയാവുന്നതു പോലെ സ്വീകാര്യമായ ഒരു standard range 20 Hz മുതൽ 20,000 Hz വരെയാണ്. പക്ഷെ അറിവില്ലായ്മയെക്കാൾ, ശ്രദ്ധക്കുറവ് കൊണ്ട് ഒട്ടു മിക്ക ഹോബിയിസ്റ്റുകളും മനസ്സിലാക്കാത്ത ഒരു spec ആണിതെന്നു തോന്നുന്നു.
ഒരു കുസൃതി ചോദ്യത്തിൽ തുടങ്ങിയത് കൊണ്ട്, മറ്റൊരു കുസൃതി “പരീക്ഷണം” കൂടിയാവാമല്ലോ. നിങ്ങൾക്കറിയാവുന്ന ഒരു എട്ടു -പത്തു പേരോട് (ഹോബിയിസ്റ്റുകൾ മുതൽ “പത്തു പുത്തൻ” കൈയിലുള്ള “audiophiles” വരെ ആകാം) ഇച്ചോദ്യം ചോദിച്ചു നോക്കൂ – എന്താണ് frequency response? (ഞാനും പരീക്ഷിച്ചു, കേട്ടോ!) തത്ത പറയും പോലെ കൃത്യമായ 20 – 20,000 എന്ന മറുപടി കിട്ടും. എന്താണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്? ഈ range ഉള്ള ആമ്പുകൾ perfect ആയിരിക്കുമല്ലോ? Yes, yes എന്നായിരിക്കും ഉത്തരം.
ഇവിടെയാണ് നമുക്ക് തെറ്റി പോകുന്നത്. Range ഒക്കെ കൊള്ളാം, പക്ഷെ അവിടെ ഒളിഞ്ഞിരിക്കുന്ന മറ്റൊരപകടം ഉണ്ട്. ഇത് മനസിലാക്കാൻ FR നെ ഒന്ന് സൂക്ഷമായി പരിശോധിക്കേണ്ടിയിരിക്കുന്നു. Frequency dependent ആയിട്ടുള്ള gain variation ആണ് ഈ വില്ലൻ.
ഒരു “ideal amplifier”ന്റെ, അതായതു പൂർണതയുള്ള പ്രകടനം കാഴ്ച വയ്ക്കുന്ന ഒരു ആമ്പിന്റെ, frequency response curve “flat” ആയിരിക്കണമെന്നാണ് നിഷ്കർഷിക്കുന്നത്. പല ആമ്പ് reviews ലും ഈ curve കാണാം. എത്രത്തോളം flat ആവാമോ, അത്രത്തോളം നല്ലതു എന്നാണ് വിദഗ്ദ്ധ മതം. എന്താണ് യഥാർത്ഥത്തിൽ flat ആകേണ്ടത്? FR curve രണ്ടു parameters തമ്മിലുള്ള ബന്ധം ആണ് കാണിക്കുന്നത് – ഒരു വശത്തു frequency യും, മറ്റേ axis ൽ ആമ്പിന്റെ amplification / gain ഉം. അതായതു, ഈ frequency range ൽ പൂർണമായും amplification / gain ഒരേ നിലയിൽ ആയിരിക്കണം, ഏറ്റക്കുറച്ചിലുകൾ പാടില്ല.
ലളിതമായിപറഞ്ഞാൽ ഈ curve തികച്ചും flat ആണ് എന്ന് അവകാശപ്പെടുമ്പോൾ അതിനർത്ഥം ഈ ആമ്പിലേക്കു വിവിധ frequency കൾ ( ഉദാഹരണമായി 50 Hz, 100, 300, 1k, 5k, 10k, 15kHz…etc) നൽകിയാൽ, അവയോരോന്നും ഒരേ രീതിയിൽ amplify ചെയ്തിരിക്കും എന്നാണ്. അല്ലാതെ 20 Hz മുതൽ 20,000 Hz വരെയുള്ള signals നെ തോന്നും പാടി amplify ചെയ്യാനുള്ള licence ഉണ്ടെന്നല്ല.
മേൽ കാണുന്ന curve നെ വിശ്വസിക്കുകയാണെങ്കിൽ, ഈ ആമ്പ് അതിന്റെ range ൽ ഉള്ള എല്ലാ frequencies നെയും ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ ഒരേ രീതിയിൽ amplify ചെയ്യുമെന്നാണ്. ഈ ആദർശമൊക്കെ കടലാസ്സിൽ കാണിക്കാമെന്നല്ലാതെ പ്രയോഗത്തിൽ വരുത്തുക ദുഷ്കരമാണ്. ആമ്പുകളുടെ ഡിസൈനിലുള്ള പോരായ്മകൾ… അല്ല, perfection ഇല്ലായ്മ, ആണ് ഇതിന്റെ അടിസ്ഥാനം.
കഴിഞ്ഞ നൂറ്റാണ്ടിലെ അംഗീകരിക്കപ്പെട്ട standards വച്ചു നോക്കിയാൽ ഈ മൂന്നു ആമ്പുകളും hi-fi ആണ്, കാരണം അവയുടെ FR പൂർണമായും + / - 3 dB ക്ക് ഉള്ളിലാണ് എന്നത് തന്നെ. Response curve ലെ നേരിയ (അതെ സമയം നമ്മെ വട്ടു പിടിപ്പിക്കാൻ സാധ്യതയുള്ള ) ഇവ്വിധ ഉയർച്ച-താഴ്ചകളൊന്നും കമ്പനി spec ൽ നിന്ന് ( “Freq resp: 20 Hz to 20 kHz, +/ - 3 dB “) പിടി കിട്ടുകയുമില്ല. ഇതാണ് “specmanship” ൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ. ഇവിടെയാണ് “subjective evaluation” ന്റെ പ്രസക്തി തല പൊക്കുന്നതും. ശരാശരി ആമ്പുകളെക്കുറിച്ചാണ് മേല്പറഞ്ഞ പരാമർശം. “High-end” ആമ്പുകൾ (വില അന്വേഷിക്കുന്നത് ഒരു കസേരയിൽ ഇരുന്നു കൊണ്ടായാൽ അപകടം ഒഴിവാക്കാം! ) ഒട്ടുമിക്കവയും “individual lab measurement curves” ഓടുകൂടിയാണ് വിൽക്കപ്പെടുന്നത്. മാത്രവുമല്ല അവയുടെ FR variation +/- 1 dB യോ, ചിലപ്പോൾ അതിൽ താഴെയോ ആയിരിക്കാൻ സാധ്യതയുണ്ട്.
പ്രിയ വായനക്കാരോട് ഒരു കൊച്ചു കുസൃതി ചോദ്യത്തോടെ ഈ ഭാഗം അവസാനിപ്പിക്കാം. ഒന്നാമത്തെ ആമ്പ് ആദർശലോകത്തെ perfect ആമ്പാണ്, അതിനെ വിട്ടേക്കുക. രണ്ടാമത്തെയും, മൂന്നാമത്തേയും ആമ്പുകളെ നിങ്ങളുടെ വീട്ടിലെ ഒട്ടും മോശമല്ലാത്ത speakers ലൂടെ ശ്രദ്ധാപൂർവം audition ചെയ്യുന്നു എന്ന് സങ്കല്പിക്കുക. എന്തായിരിക്കും നിങ്ങളുടെ അഭിപ്രായങ്ങൾ? ഏതായിരിക്കും നിങ്ങൾ “നല്ലതു” (better) എന്ന് കണ്ടു തിരഞ്ഞെടുക്കുക?
മറുപടികൾ frequency response നെക്കുറിച്ചുള്ള നിങ്ങളുടെ ധാരണകളുടെ സൂചകം ആയിരിക്കുമെന്നതിൽ തർക്കമില്ല. Comments പ്രതീക്ഷിക്കുന്നു.
അടുത്ത ഭാഗത്തിൽ, sound, hearing, standards തുടങ്ങിയ കുറച്ചു അടിസ്ഥാന കാര്യങ്ങൾ നോക്കിയിട്ട്, distortion, noise ഇവയിലേക്ക് പോകാം.
തുടർന്ന് വായിക്കുമല്ലോ.
നന്ദി.
============
ഓഡിയോ ഹോബിയുടെ പിറകെയുള്ള “പ്രേമപൂർവ്വമായ” നടത്തം രണ്ടു കാര്യങ്ങൾക്കാണെന്നു പൊതുവെ പറയാറുണ്ട് – സംഗീതത്തിൻ്റെ ശബ്ദം ആസ്വദിക്കലാണ് ഒന്ന്. രണ്ടാമത്തേത് ശബ്ദത്തിൻ്റെ സംഗീതം ആസ്വദിക്കലും! രണ്ടും നമ്മെ മറ്റൊരു ലോകത്തേക്കാണ് കൂട്ടിക്കൊണ്ടു പോകുന്നത്.
ശബ്ദത്തിലെ ശാസ്ത്രവും, കലയും (the art and science of sound) ഇവിടെ വഴി പിരിയുന്നു. ശാസ്ത്രം നമുക്ക് ആസ്വാദനത്തിനുള്ള ഉപകരണങ്ങൾ നൽകുന്നു; അവയെ perfection ലേക്ക് പടിപടിയായി ഉയർത്തുന്നു. പക്ഷെ കലയുടെ അംശമില്ലെങ്കിൽ സംഗീതാസ്വാദനത്തിൽ ശാസ്ത്രം കൊണ്ട് മാത്രം ഒരു പ്രയോജനവും സിദ്ധിക്കുന്നില്ല. അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട objective / subjective തീരുമാനങ്ങൾ എടുക്കുമ്പോളാണ് ഈ വിവേചനത്തിന്റെ ആവശ്യം വേണ്ടി വരിക.
കലയുടെയും, subjectivity യുടെയും മേഖലകളിലേക്ക് കടക്കുന്നതിനു മുൻപ് നാം സ്വയം നല്ല തയ്യാറെടുപ്പുകൾ നടത്തേണ്ടിയിരിക്കുന്നു. അതില്ലെങ്കിലോ ? ആരോഗ്യവും ആഗ്രഹവും ഉള്ളത് കൊണ്ട് മാത്രം ( പ്രത്യേക തയ്യാറെടുപ്പുകൾ ഇല്ലാതെ ! ) പെട്ടെന്നൊരു ദിവസം എവറെസ്റ്റ് കൊടുമുടി കയറാൻ ഇറങ്ങിപ്പുറപ്പെടുന്നത് പോലെയാവും.
ഒരു കാര്യം മറന്നു – ഭാഗം-5 ന്റെ അവസാനം ഒന്ന് രണ്ടു ചോദ്യങ്ങൾ ഉണ്ടായിരുന്നു എന്നാണെന്റെ ഓർമ്മ. ഇതേ വരെ മറുപടികൾ ഒന്നും കണ്ടില്ല. ബുദ്ധിയുള്ള, മിടുക്കരായ മലയാളികൾ വളരെ ജാഗ്രത പുലർത്തുന്നവരാണ്…
അതവിടെ നിൽക്കട്ടെ, നമുക്കൊരുമിച്ചു അവയെ പരിശോധിച്ചാലോ?
Hard rock ഒഴികെ, മറ്റു സംഗീത ശാഖകൾ, ഇന്ത്യൻ സംഗീതം, ഗസലുകൾ, ലളിത സംഗീതം, soft rock, Jazz, country music തുടങ്ങിയവ ആസ്വദിക്കുന്ന ഒട്ടു മിക്കവരുടെയും favourite രണ്ടാം ചിത്രത്തിലെ Amp-1 ആകാനാണ് സാധ്യത. എന്ത് കൊണ്ടാണിത്? ഈ type സംഗീതത്തിന്റെ എല്ലാ rangeഉം കൈകാര്യം ചെയ്യാൻ ഈ ആമ്പിനു കഴിയും. പക്ഷെ അതിലുപരി, ആ response curve ന്റെ voice frequencies ലുള്ള അല്പം ഉയർന്ന amplification factor മിക്ക ഉപകരണങ്ങളുടെയും, പാട്ടുകാരുടെയും ശബ്ദത്തിനു ഒരു പ്രത്യേക മിഴിവ് നൽകും. ഈയൊരൊറ്റക്കാരണം മതി നമുക്കതിനെ ഇഷ്ടപ്പെടാൻ.
രണ്ടാമത്തെ ആമ്പിന്റെ ഇഷ്ടക്കാരുടെ രീതികൾ ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാവും. തൃശ്ശൂർ പൂരത്തിലെ ഏറ്റവും വലിയ attraction അവസാന ദിവസത്തെ “ഗർഭം കലക്കി” ഗുണ്ടിന്റെ വെടി ശബ്ദം ആണെന്ന് കരുതുന്നവരാകും ഇതിൽ കൂടുതലും. ഹോം തീയേറ്റർ തല്പരരും കൂടെ ഉണ്ടാകും. ഇതിനൊരു കാരണവും ഉണ്ട്. ഈ ആമ്പിന്റെ curve ൽ വ്യക്തമായ ഒരു low frequency “hump” കാണാം. ഇത് ( നമ്മുടെ ഗ്രൂപ്പ് ഭാഷയിൽ പറഞ്ഞാൽ ) കൂടുതൽ നല്ല “thumping bass” നൽകും.
ഇപ്പറഞ്ഞ സൂചനകൾ തികച്ചും സാങ്കേതികമായി മാത്രം എടുത്താൽ മതി. സംഗീതവും ആസ്വാദനവും തികച്ചും subjective ആയ കാര്യമാണ്, അതിൽ നല്ലതും കെട്ടതുമൊന്നും തിരയേണ്ടതില്ല. പക്ഷെ ഒന്നുണ്ട് – ആദ്യം സൂചിപ്പിച്ച സ്വയം തയ്യാറെടുപ്പുകൾ നടത്തിയാൽ അത് നമ്മുടെ ആസ്വാദനത്തിന്റെ മാറ്റു കൂട്ടുകയും, നമ്മുടെ കാഴ്ചപ്പാടുകൾക്കു പൊതു സ്വീകാര്യത ഉറപ്പു വരുത്തുകയും ചെയ്യും. അതാണതിന്റെ ആവശ്യകതയും, പ്രാധാന്യവും. നമുക്കതിലേക്കു പോകാം. (അല്പം ദീർഘമായ വഴിയാണേ …)
ശബ്ദം, സംഗീതം, കേൾവി
കേൾവിയുടെ ശാസ്ത്രം രസകരമാണ്. കേൾക്കുന്നത് കാതുകൾ കൊണ്ടല്ലേയെന്നു ചോദിച്ചാൽ പരുവം പോലെ ആണെന്നും, അല്ലെന്നും പറയാം! കാതുകൾ വെറും രണ്ടു microphones മാത്രമാണെന്നതാണു സത്യം. നാം കേൾക്കുന്നത്, അഥവാ നമ്മുടെ കേൾവി അനുഭവത്തെ രൂപപ്പെടുത്തുന്നത്, നമ്മുടെ തലച്ചോർ ആണ്. അതീവ സങ്കീർണമായ “real-time data processing” ലൂടെയാണ് brain ഇത് സാധ്യമാക്കുന്നത്.
ഒരു വ്യക്തിയുടെ ജനനത്തിനു മുൻപേ തന്നെ ഈ പ്രക്രിയ ആരംഭിക്കുന്നു. കേൾവിയുടെ പല വിധ “signatures” തലച്ചോറിലെ “memory banks”ൽ ആലേഖനം ചെയ്യപ്പെടുന്നു. തുടർന്നുള്ള വളർച്ചയുടെ വർഷങ്ങളിൽ ജീവിതത്തിനും,നിലനില്പിനുമാവശ്യമായി വരുന്ന പ്രകൃതി, സാഹചര്യങ്ങൾ, ഭാഷ, സംഗീതം ഇവയുടെയൊക്കെ templates തലച്ചോറിൽ ഇരിപ്പു പിടിക്കുന്നു.
രണ്ടു കാതുകൾ ഉള്ളത് കൊണ്ട് അവയിൽ നിന്നുള്ള signal analysis ലൂടെ ഒരു ത്രിമാന ( 3-D ) ശബ്ദ ചിത്രം brain നിമിഷം കൊണ്ട് ഉണ്ടാക്കിയെടുക്കുന്നു. Stereophony യുടെ അടിസ്ഥാനം ഇതാണ്. ശ്രദ്ധിക്കേണ്ട അടിസ്ഥാന വസ്തുത, തലച്ചോറിന്റെ ഈ കഴിവ് അത്യപാരമാണ് എന്നതു തന്നെ.
സിഗ്നൽ / നോയ്‌സ്
ആമ്പുകളുടെയും മറ്റും specs ലെ ഒരു പ്രധാന ഇനമാണ് signal-to-noise ratio. അനാവശ്യമായ noise, ആവശ്യമുള്ള signal ന്റെ വളരെ ചെറിയ ഒരംശം ആയിരിക്കണം; അല്ലെങ്കിൽ ആമ്പിന്റെ പ്രവർത്തനം അവതാളത്തിലാകും. ഈ പരിമിതിയൊന്നും brain ന് ഇല്ല തന്നെ. Noise പലമടങ്ങുണ്ടെങ്കിലും, അതിനിടയിൽ നിന്ന് signal വേർതിരിച്ചെടുക്കാൻ നിഷ്പ്രയാസം അതിനു കഴിയുന്നു. ഇടിയും മിന്നലുമുള്ള പെരുമഴയത്തു രാത്രിയിൽ വീട്ടിലേക്കോടുന്ന ഒരു പഥികന്റെ പാതയ്ക്ക് കുറുകെ ഒരു എലിയോ പാമ്പോ മറ്റോ കരിയിലക്കിടയിലൂടെ ഓടി വന്നാൽ, അവന്റെ തലച്ചോർ നിമിഷനേരം കൊണ്ട് കൃത്യമായ 3-D അപായസൂചന തന്നെ നൽകും.
മറ്റൊരു രസകരമായ ഉദാഹരണം, പ്രായമുള്ള പലരും അവരുടെ കുട്ടിക്കാലത്തു അനുഭവിച്ചു കാണും. അന്നത്തെ (1960 കളൊക്കെ ) land ടെലിഫോൺ Graham Bell ന്റെ പുരാതന ഫോണിൽ നിന്നും വളരെ വ്യത്യസ്തമൊന്നും ആയിരുന്നില്ല. ഒരു carbon powder microphone, ഇരുമ്പു തകിടും magnet ഉം കൊണ്ടുള്ള ഒരു ear-piece, മൈലുകൾ നീളുന്ന കമ്പികളുടെ ശൃംഖല, telephone exchange ലെ പരശ്ശതം mechanical switches, പോരാത്തതിന് പലവിധ ശബ്ദകോലാഹലങ്ങളുടെ അകമ്പടിയും. ഇതിന്റെ frequency range / bandwidth ഓ ? വെറും 300 മുതൽ ഏകദേശം 3,300 Hz വരെ മാത്രം. ( ആരവിടെ! എവിടെ ഫിഡെലിറ്റി ? )
തലേന്ന് മഴയത്തു ഫുട്ബാൾ കളിച്ചു പനി പിടിച്ച ഹോസ്റ്റൽ താമസക്കാരനായ മകൻ, അമ്മ ഫോൺ വിളിക്കുമ്പോൾ വാ തുറന്നാൽ മതി, ഉടൻ ചോദ്യം വരും, “നിനക്കെന്താ ജലദോഷമുണ്ടോ,പനിയാണോ?” അവന്റെ ശബ്ദത്തിന്റെ മാറ്റം വളരെ പെട്ടെന്നു ശ്രദ്ധിക്കപ്പെടുന്നു, അതെ സമയം എത്ര തന്നെ മാറിയാലും, എത്രയൊക്കെ “noise” ഇടം കോലിട്ടാലും, അവന്റെ ശബ്ദം കൃത്യമായി തിരിച്ചറിയപ്പെടുന്നു. ഇവിടെ hi-fi specs ഒന്നും ആവശ്യമില്ല. ഇതാണ് തലച്ചോറിന്റെ മന്ത്രികശക്തി. ഇതിനെ വെല്ലാവുന്ന ഉപകരണങ്ങൾ ഇനി കണ്ടുപിടിക്കാനിരിക്കുന്നതെയുള്ളൂ.
നമുക്കിന്നറിയാവുന്ന, അളക്കാവുന്ന specs നെ മാത്രം അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കുന്നതിന്റെ പൊള്ളത്തരമാണ് ഇത് വെളിവാക്കുന്നത്. ഗൃഹാന്തരീക്ഷത്തിലെ സംഗീതാസ്വാദനത്തിൽ എങ്ങനെ ഒരു വിധം കൃത്യമായ subjective judgments എടുക്കാൻ കഴിയും, എന്തൊക്കെയാണ് അതിനാവശ്യം എന്ന് അടുത്തതായി പരിശോധിക്കാം.
തുടർന്ന് വായിക്കുമല്ലോ.
നന്ദി.
============
സംഗീതാസ്വാദനത്തിന്റെ ഉറച്ച അടിത്തറ ഇല്ലാതെ hi-fi അനുഭവങ്ങളുടെ ഒരു സൗധം കെട്ടിപ്പടുക്കാൻ കഴിയില്ല തന്നെ. ഇതിനർത്ഥം സംഗീതം പഠിക്കണം എന്നല്ല. (പഠിച്ചാൽ നല്ലതു തന്നെ!) സംഗീതത്തിന്റെ അടിസ്ഥാന വശങ്ങളിൽ നന്നായി ഗൃഹപാഠം ചെയ്തെങ്കിൽ മാത്രമേ നമ്മെ കുഴയ്‌ക്കുന്ന hi-fi സങ്കേതങ്ങളുടെ ഇടവഴികളിലൂടെ നടന്നു തികവുറ്റ ആസ്വാദനത്തിൻ്റെ ലക്ഷ്യത്തിലെത്താൻ പറ്റൂ.
ഗൃഹാന്തരീക്ഷത്തിൽ subjective judgments എടുക്കുമ്പോൾ എന്താണ് നമ്മൾ ആധാരമായി സ്വീകരിക്കുന്നത്? ഇതിനായി ഒരു നിമിഷം “പടിഞ്ഞാറേക്ക്” നോക്കേണ്ടിയിരിക്കുന്നു.
മറ്റൊന്നും കൊണ്ടല്ല, Western audiophiles ഇന്നും മാസത്തിലൊരിക്കലെങ്കിലും “ശുദ്ധ സംഗീതം” ആസ്വദിക്കാൻ സമയം കണ്ടെത്തുന്നു. Western classical orchestras സംഗീതം അവതരിപ്പിക്കുന്ന concert halls ഒട്ടുമിക്കതും പൂർണമായും “unplugged” ആണ്. കാതടപ്പിക്കുന്ന, thumping bass നൽകുന്ന, ചീവീടിനെ വെല്ലുന്ന HF horns ഉള്ള ശബ്ദ സംവിധാനങ്ങൾ അവിടെ അന്നും ഇന്നും പടിക്കു പുറത്താണ്. സംഗീതജ്ഞരുടെയും, ഉപകരണങ്ങളുടെയും പ്രകൃത്യാലുള്ള ആസ്വാദനം പൂർണമായി ലഭിക്കുന്ന മുൻ നിര സീറ്റുകൾക്ക് വലിയ നിരക്ക് നൽകണം. Acoustical engineering ൻ്റെ നിദര്ശനങ്ങളായ ഈ concert hall ളുകളിൽ ശ്വാസം പോലുമടക്കി, നിശ്ശബ്ദരായിരുന്നു മണിക്കൂറുകളോളം അവർ ശുദ്ധ സംഗീതം ആസ്വദിക്കുന്നു. ഈ അനുഭവസമ്പത്തിന്റെ വെളിച്ചത്തിലാണ് അവർ തങ്ങളുടെ home hi-fi യെ വിലയിരുത്തുന്നത്.
സാങ്കേതികതയുടെ കുത്തൊഴുക്കിൽ ആസ്വാദനത്തിന്റെ ഈ natural purity നമുക്ക് എന്നേ നഷ്ടമായിരിക്കുന്നു. നമ്മുടെ നാട്ടിൽ (ഒരു പക്ഷെ ഭാരതത്തിൽ തന്നെ.) electronic amplification ന്റെ ഇടനിലയില്ലാതെ വായ്പാട്ടിന്റെയും, ഉപകരണ സംഗീതത്തിന്റെയും മാധുര്യം വർഷത്തിലൊരിക്കൽ ആസ്വദിക്കാവുന്ന ഒരേയൊരിടം തിരുവനന്തപുരത്തു പദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപമുള്ള സരസ്വതീക്ഷേത്ര നടയിലെ നവരാത്രി സംഗീതക്കച്ചേരിയുടെ വേദിയാണ്.
നമ്മിൽ എത്ര പേർക്ക് ശുദ്ധ സംഗീതാനുഭവങ്ങൾ ഉണ്ട്? ഒരു തബലയുടെയോ, വീണയുടെയോ, വയലിന്റെയോ,എന്തിനു പറയുന്നു പണ്ട് കാലത്തു നമ്മുടെ വീടുകളിൽ സർവ സാധാരണമായിരുന്ന ഒരു ഹാര്മോണിയത്തിന്റെയോ “ശുദ്ധ ശബ്ദം” നമ്മിൽ എത്ര പേർക്ക് സുപരിചിതം ആണ്?
ഇവിടെയാണ് കുറച്ചു മുൻപ് സൂചിപ്പിച്ച, നമ്മുടെ audition panel ൽ അവശ്യം ഉണ്ടായിരിക്കേണ്ട ഒന്ന് രണ്ടു സംഗീത വിദ്യാർത്ഥികളെ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം സംഗതമാവുന്നതു. അവർക്കു ചെറു പ്രായമാണ്, അതിനാൽ കേൾവി ഉച്ച സ്ഥായിയിൽ ആയിരിക്കും. സംഗീതം പഠിക്കുകയും, സാധകം ചെയ്യുകയും ശീലമായതു കൊണ്ട്, voice ൻ്റെയും ഉപകരണങ്ങളുടെയും ശബ്ദശുദ്ധി നന്നായി തിരിച്ചറിയാനും കഴിയും. ഒരേ ശ്രുതിയിൽ tune ചെയ്ത സ്വന്തം തബല / വയലിൻ, ഗുരുവിന്റെ മെച്ചമായ ഉപകരണം, ഇവ തമ്മിലുള്ള nuanced difference (സൂക്ഷ്മ ഭേദം) അവർക്കു വളരെയെളുപ്പം തിരിച്ചറിയാൻ കഴിയും. (“എന്ത് കൊണ്ട് Class-A” എന്ന മറ്റൊരു സുപ്രധാന ചോദ്യം വഴിയേ ചർച്ച ചെയ്യുമ്പോൾ ഈ വിഷയം കൂടുതൽ ആഴത്തിൽ പരാമർശിക്കാമെന്നു കരുതുന്നു – മറന്നില്ലെങ്കിൽ!)
മൂന്നാമതായി നമ്മുടെ hi-fi സംഭാഷണത്തിൽ പുട്ടിനു തേങ്ങാപ്പീരയിടുന്നത് പോലെ വച്ച് കാച്ചുന്ന “low-mid, high-mid, low-treble, 1 kHz testing, HF balance”.., തുടങ്ങിയ frequency ranges എങ്കിലും സ്വയം കേട്ട് പരിചയിക്കുക. വര്ഷങ്ങളോളമുള്ള പഠനത്തിന്റെയും, സാധകത്തിന്റെയും ശേഷമാണ് ഒരു സംഗീതവിദ്യാർത്ഥി ശ്രുതികളെയും, രാഗങ്ങളെയും തിരിച്ചറിയാനുള്ള ശേഷി ആർജിക്കുന്നത്. വലിയ വിലയുള്ള ഒരു h-ifi system വാങ്ങിയാൽ നാലു ദിവസം കൊണ്ട് ഈ സിദ്ധികൾ കൈവന്നു എന്ന് കരുതുന്നവരോട് എന്ത് പറയാൻ.
എന്റെ പ്രിയ വായനക്കാരെങ്കിലും ഒരല്പം പ്രായോഗിക ഗൃഹപാഠം ചെയ്യേണ്ടതുണ്ട്. ആദ്യമായി ചില സംഗീതോപകരണങ്ങളുടെ range നോക്കുക (ചിത്രം). “Master instrument” എന്ന വിളിപ്പേരുള്ള അതിബൃഹത്തായ classical pipe organൻ്റെ range ഏതാണ്ട് 16 Hz മുതൽ 14.5 kHz വരെയാണ്. ഒട്ടു മിക്ക മറ്റുപകരണങ്ങളുടെ range ഇതിൽ നിന്ന് എത്രയോ കുറവാണെന്നു കാണാം. പൂർണമായി voice frequencies ൽ ഒതുങ്ങി നിൽക്കുന്ന വയലിനെയും സാരംഗിയെയും ശ്രദ്ധിക്കുക. ഇവയുടെയൊക്കെ വളരെ feeble ആയ overtones / harmonics മാത്രമേ treble range ൽ ഉണ്ടാകൂ. (Harmonics വിശദ ചർച്ച harmonic distortion ഭാഗത്താകാം.) ഇതിനർത്ഥം “ചീവീട്” treble കൂടുതലും “trouble” ആയി മാറാനാണ് സാധ്യത. അത് പോലെ ദയവായി sub-woofer എന്ന പ്രയോഗം 50-60 Hzൽ താഴെയുള്ള “അവലിടിക്കു” മാത്രം നൽകുക. ഓരോ വാദ്യത്തിന്റെയും “true bass” കേട്ടു പഠിച്ചു മനസ്സിലാക്കുക.
പുരുഷ-സ്ത്രീ ശബ്ദങ്ങളുടെ റേഞ്ച് നോക്കുക. പരിശീലനം സിദ്ധിച്ച ( വിശേഷിച്ചു സ്ത്രീ സംഗീതജ്ഞർക്കു) കുറേക്കൂടി ഉയർന്ന harmonics ഉള്ള രീതിയിൽ പാടാൻ കഴിയും. ചില ശ്രുതികൾ ശക്തമായി പാടി wine glass കൾ പൊട്ടിച്ചിതറിക്കുന്ന പല western classical singers ഉം ഉണ്ടായിരുന്നു. ഭാരതീയ സംഗീതത്തിൽ ഈ വിധ techniques ഉണ്ടായിരുന്നോ എന്നറിവില്ല. സംഗീതം കൊണ്ട് പ്രകൃതിയെ ശാന്തമാക്കിയെന്നും, മഴ പെയ്യിച്ചു എന്നുമൊക്കെ കേട്ടിട്ടുണ്ട്.
Testing … testing
ഒരു കാലത്തു audio test instruments വാങ്ങുന്നതിനെക്കുറിച്ചു ചിന്തിക്കാൻ പോലും ഒരു ഹോബിയിസ്റ്റിനു കഴിയുമായിരുന്നില്ല. Software ൻ്റെ ഇന്നത്തെ ലോകത്തു അതൊക്കെ മാറിമറിഞ്ഞു. നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഒരു നല്ല Sweep Generator software download ചെയ്യുകയാണ്. ഒരു desktop അഥവാ laptop കമ്പ്യൂട്ടർ ഉണ്ടെങ്കിൽ എളുപ്പമായി. (Android/Apple ഇവയിലും ലഭ്യമാണ്.) ലളിതമായ, വളരെക്കുറച്ചു കമ്പ്യൂട്ടർ resources ഉപയോഗിക്കുന്ന മെച്ചമായ ഒരെണ്ണം https://www.satsignal.eu/software/audio.html നിന്നും download ചെയ്യാവുന്നതാണ്. പേജിൽ അല്പം താഴെ version numbers നടിയിൽ ആണ് download link. ഇതൊരു .zip file ആണ്; അത് unzip ചെയ്യുക, install ചെയ്യുക.
![]() |
| Sweep Gen - Screenshot |
നിങ്ങളുടെ ഒന്നാമത്തെ task അല്പം ഹോംവർക് ആണ്. (ഇതിനായി class-A ആമ്പ് ലഭിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ല!) ഒരു കുഞ്ഞു chip ആമ്പിലേക്കോ മറ്റോ ഒരു കുഞ്ഞു (4 ഇഞ്ച് / 5 ഇഞ്ച് ) full-range speaker driver കണക്ട് ചെയ്യുക, കമ്പ്യൂട്ടർ sound card output ആമ്പിലേക്കു ഘടിപ്പിക്കുക. Speaker ഏതാണ്ട് ഒരടി-ഒന്നരയടി size ഉള്ള ഒരു hardboard കഷണത്തിൽ ഉറപ്പിക്കുന്നത് (low frequencies നു) നല്ലതാണു. ഇതിനെ ഒരു സ്റ്റാൻഡിൽ ഉറപ്പിക്കുകയോ, മുകളിൽ നിന്ന് ഒരു ചരടുപയോഗിച്ചു തൂക്കിയിടുകയോ ആവാം – കഴിവതും ചുവരുകളിൽ നിന്ന് അകന്ന് ആവണം.
തുടർന്ന് നമ്മുടെ പൊതു testing frequency ആയ 1 kHz audio generator ൽ നിന്ന് play ചെയ്യുക. ഉറക്കത്തിൽ പോലും അത് കൃത്യമായി തിരിച്ചറിയുന്നത് വരെ കേട്ട് പരിശീലിക്കുക. 800 Hz, 1,200 Hz ഇവ കൂടി കേട്ട് വ്യത്യാസം മനസ്സിലാക്കുക. തുടർന്ന് ഒന്നു രണ്ടു sweep കേട്ട് പഠിക്കുക – ഉദാ: 150 – 1,500 Hz, 500 – 3,000 Hz. ഇതൊക്കെ ചെയ്യുമ്പോൾ ഒരു കണ്ണ് frequency display യിൽ വേണം. കാതുകൾ പൂർണ്ണമായും tone ൽ focussed ആവണം. കാതുകൾക്ക് നല്ല ഒരു sweep training കിട്ടുന്നത് വരെ ഇടയ്ക്കിടെ ഇത് തുടരണം.
ഇതിൽ ഒട്ടൊക്കെ “വിദഗ്ദ്ധൻ” ആയിക്കഴിഞ്ഞാൽ നമ്മുടെ main speaker നെത്തന്നെ ഒന്നു sweep test നടത്തി നോക്കാം. 20 മുതൽ 20,000 Hz വരെ ഒറ്റയടിക്ക് sweep ചെയ്യാനൊന്നും നിൽക്കരുതേ. Sweep മുൻ പറഞ്ഞ പോലെ ചെറു ranges ആയി ചെയ്യുക. Speaker നെ നല്ല ഉയർന്ന ലളിതമായ ഒരു സ്റ്റാൻഡിൽ ഉറപ്പിച്ചു, ചുവരുകളിൽ നിന്ന് നല്ല അകലത്തിൽ വയ്ക്കുന്നതാണ് മെച്ചം. Speaker നു handle ചെയ്യാൻ ഒക്കുമെങ്കിൽ പോലും ഏതാണ്ട് 12 –14 kHz വരെയൊക്കെ (maximum) sweep ചെയ്താൽ മതി. അത്ര തന്നെ വേണമെന്നില്ല. ഓർക്കുക, ഒരു 7 -8 kHz കഴിയുമ്പോഴേക്കും level വളരെ കുറവായിരിക്കും. ആമ്പ് gain / volume വല്ലാതെ കൂട്ടി ഡ്രൈവർ പുകച്ചു കളയരുത്.
ശ്രദ്ധയോടെ sweep ടെസ്റ്റ് നടത്തുകയും, അതീവ ശ്രദ്ധയോടെ ആ range ലെ ശബ്ദത്തിന്റെ ഉയർച്ച - താഴ്ചകൾ കേട്ട് മനസ്സിലാക്കുകയും ചെയ്താൽ നമ്മുടെ സ്‌പീക്കറിന്റെ ഒട്ടു മിക്ക ഗുണ-ദോഷങ്ങളും കണ്ടു പിടിക്കാൻ സാധിക്കുമെന്നുറപ്പാണ്. ഒന്ന് കൂടി ഓര്മപ്പെടുത്തട്ടെ, ഇതെല്ലാം കൂടി ഒറ്റ ദിവസം കൊണ്ട് സാധിക്കാം എന്ന് കരുതുന്നത് ശുദ്ധ ഭോഷ്ക് ആയിരിക്കും. സംഗീതം അഭ്യസിക്കുന്നത് പോലെ നിരന്തര പരിശീലനത്തിലൂടെ നിങ്ങളുടെ കാതുകളെ (തലച്ചോർ working ആണെന്ന് പ്രതീക്ഷിക്കുന്നു!) ഒന്നാം തരം ഒരു test instrument ആയി രൂപപ്പെടുത്താൻ കഴിയും.
നമ്മുടെ hi-fi system ത്തെ “natural sound” ൻ്റെ (ഒരു കാലത്തു Yamaha യുടെ പ്രസിദ്ധമായ ഒരു range ആയിരുന്നു “Natural Sound” ആമ്പുകളും സ്പീക്കറുകളും…ഇന്നും അതൊക്കെ നന്നായി പാടുന്നുണ്ട്.) പീഠത്തിൽ പ്രതിഷ്ഠിക്കുക എന്നതാണ് നമ്മുടെ ഇവ്വിധ പ്രയത്നങ്ങളുടെ ലക്ഷ്യമെന്ന് മറക്കരുത്.
ഇനി noise, പലവിധ distortions ഇവ പരിശോധിക്കാമെന്ന് തോന്നുന്നു.
തുടർന്ന് വായിക്കുമല്ലോ.
നന്ദി.
============
ഒന്ന്, സാങ്കേതികതയുടെ (engineering) കൃത്യമായ രീതിയിൽ പഠിക്കുക. ഇത് സാധാരണക്കാർക്ക് (laymen) പ്രയാസമാണ്; മിക്കപ്പോഴും ആവശ്യവും ഇല്ല. രണ്ട്, സംഗീതാസ്വാദനത്തിലും , ഉപകരണങ്ങളുടെ തിരഞ്ഞെടുപ്പിലും സഹായകമായ രീതിയിൽ ലളിതമായ (simplified) ഒരു സമീപനം സ്വീകരിക്കുക.
രണ്ടാമത്തെതാണ് ഇവിടെ കരണീയവും സംഗതവുമെന്നാണെൻ്റെ വിശ്വാസം. ഈ വഴിയിലൂടെ പോകാനായി പല concepts നെയും അല്പമൊക്കെ oversimplify ചെയ്യേണ്ടി വരും. ക്ഷമിക്കുക. ഒരു മുൻകൂർ ജാമ്യം കൂടി എടുക്കാനുണ്ട് – ലളിതമായ, ഉദാഹരണ സഹിതമുള്ള വിശദീകരണങ്ങളും മറ്റും ഒരല്പം ദീർഘമായിപ്പോകാൻ സാധ്യതയുണ്ട്. ഒറ്റയടിക്ക് വായിച്ചില്ലെങ്കിലും, ആവർത്തന വായന കൊണ്ട് അടിസ്ഥാന ആശയങ്ങൾ തീർത്തും വ്യക്തമാകും എന്ന് തന്നെയാണെൻ്റെ വിശ്വാസം.
ഇതൊരു 100 % ആധികാരികമായ പഠനമാണെന്നൊന്നും അവകാശപ്പെടുന്നില്ല. പക്ഷെ ഹോബിയിസ്റ്റുകൾക്കു ഉപകരിക്കുന്ന നല്ലൊരു ഊന്നുവടിയായി കരുതാം. കൂടുതൽ കൃത്യമായ വിവരങ്ങളിൽ താല്പര്യമുള്ളവർക്ക് web ൽ ലഭ്യമായ നിരവധി tutorials ലേക്ക് പോകാവുന്നതേയുള്ളു.
ചില “ഒഴിയാബാധകൾ”
പൊതുവെ electrical / electronic ഉപകരണങ്ങളുടെ പ്രകടനത്തെയും, ക്ഷമതയെയും വിടാതെ പിടി കൂടുന്ന ചില “ബാധ”കളുണ്ട്. Electrical noise, പല വിധ distortions ഇവയാണ് മേല്പറഞ്ഞ “കുട്ടിച്ചാത്തന്മാർ”. “താൻ പാതി, ദൈവം പാതി” എന്ന നിലപാടിൽ നോക്കിയാൽ ഇതിൽ കുറേയൊക്കെ ഉപകരണങ്ങളിൽ അന്തർലീനമായിരിക്കുന്ന, നമുക്ക് പ്രത്യേകിച്ചൊന്നും ചെയ്യാൻ നിവർത്തിയില്ലാത്ത physical parameters കൊണ്ടാണെന്നു കാണാം. ബാക്കി ഡിസൈനറുടെ കഴിവിന്റെ പരിമിതികൾ , circuit topology യുടെ പ്രത്യേകതകൾ, temperature തുടങ്ങിയവയിൽ അധിഷ്ഠിതമാണെന്നും കാണാം.
ഒരു audio ഹോബിയിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഇവയെക്കുറിച്ചുള്ള ഒരു പൊതു ധാരണ ഉണ്ടാകുന്നതു നല്ലതാണു. ആഴത്തിലുള്ള പഠനം സാധാരണക്കാർക്ക് (laymen) അസാധ്യവും, ഒരു പരിധി വരെ അനാവശ്യവും ആണ്. ഈ ശാസ്ത്രീയ വശങ്ങ ളെക്കുറിച്ചുള്ള അതിരു വിട്ട ഉൽക്കണ്ഠ സംഗീതാസ്വാദനത്തിനു തന്നെ (അതാണല്ലോ നമ്മുടെ പരമപ്രധാനമായ ലക്ഷ്യവും താല്പര്യവും!) തടസ്സം സൃഷ്ടിച്ചേക്കുമെന്നു മറക്കരുത്.
ഏതാണ്ട് തൃപ്തികരമായ പ്രകടനം നൽകുന്ന ഒരു ഉപകരണത്തെ ( ആമ്പ്, സ്പീക്കർ ഇത്യാദി ) ഒഴിവാക്കി, പകരം specs ൻ്റെ അതിസൂക്ഷ്മമായ വ്യത്യാസങ്ങൾ മാത്രം അടിസ്ഥാനമാക്കി മറ്റൊന്നിനെ വലിയ വില കൊടുത്തു സ്വന്തമാക്കുന്ന മാതിരി പ്രവർത്തികൾ “A fool and his money are soon parted!” എന്ന മട്ടിലായിരിക്കും എന്നാണ് എനിക്ക് പറയാനുള്ളത്.
നമ്മുടെ equipment selection നമ്മുടെ ആവശ്യങ്ങളിലും, നമ്മുടെ judgment ലും, നമ്മുടെ പോക്കറ്റിന്റെ സ്ഥിതിയിലും അടിസ്ഥാനപ്പെടുത്തി വേണമെന്നാണ് എൻ്റെ പക്ഷം. അതെ സമയം വസ്തുനിഷ്ഠമായ പഠനങ്ങളും, താരതമ്യങ്ങളും, നിഷ്പക്ഷമായ തീരുമാനങ്ങളും ഒഴിവാക്കണമെന്ന് ഇതിനർത്ഥമില്ല. ആത്യന്തികമായി സംഗീതാസ്വാദനത്തിൻ്റെ സന്തോഷം കളയുന്ന / കളയാൻ സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും ദൂരം പാലിക്കുന്നതായിരിക്കും നല്ലത്. കാതുകളുടെ “auditory memory” വളരെക്കുറച്ചു സമയമേ നിലനിൽക്കൂ. അതു കൊണ്ട് തന്നെ സമയമെടുത്തുള്ള ക്ഷമയോടെയുള്ള auditions നും, താരതമ്യങ്ങൾക്കും വളരെ പ്രാധാന്യമുണ്ട്.
Noise
മലയാളത്തിൽ noise നെ ശബ്ദകോലാഹലം / അപശബ്ദം എന്നൊക്കെയേ വിശേഷിപ്പിക്കാൻ കഴിയൂ. തീർച്ചയായും സംഗീതാസ്വാദനത്തെ അലോസരപ്പെടുത്തുന്ന ഒന്നാണ് ഇവയെന്ന് വിശേഷിച്ചു പറയേണ്ടതില്ലല്ലോ. ഉത്സവപ്പറമ്പുകളിലെ കച്ചേരികൾ കേൾക്കാൻ പോയിട്ടുള്ളവർക്കു ഇത് നന്നായറിയാം. അതുപോലെ രാത്രിയുടെ നിശ്ശബ്ദതയിൽ സ്വസ്ഥമായി വീട്ടിലിരുന്നു അല്പം പാട്ടു കേൾക്കാം എന്ന് കരുതുമ്പോൾ അടുത്ത വീട്ടിലെ പട്ടിയുടെ നിർത്താത്ത കുരയും, തെരുവിലെ വാഹനങ്ങളുടെ കോലാഹലവും, എന്തിനു ഗൃഹനായികയുടെ കുട്ടികളോടുള്ള “ഹോംവർക് ചെയ്തോ, പാഠം പഠിച്ചോ” തുടങ്ങിയ ഉൽബോധനങ്ങളും, കണവനോടുള്ള, “പാട്ടും കേട്ടിരുന്നത് മതി, ഈ തേങ്ങയൊന്നു ഉരിച്ചേ” എന്നക്കെയുള്ള ആജ്ഞകളും തീർച്ചയായും noise ന്റെ നിർവചനത്തിൽ വരുന്നത് തന്നെ. നിർ / ഭാഗ്യവശാൽ ഇതൊന്നും നമ്മടെ ഓഡിയോ ഉപകരണങ്ങളിലും നിന്നും ഉത്ഭവിക്കുന്നതല്ല…ഒരു കൺട്രോളുമില്ല …എന്തു ചെയ്യാൻ.
പഴയ ഒരു ഗ്രാമഫോൺ റെക്കോർഡ് play ചെയ്യുമ്പോൾ മുന്നിൽ നിൽക്കുന്ന റെക്കോർഡിന്റെ surface noise വളരെ അരോചകമാണ്. Quality ഉള്ള LPs play ചെയ്യുമ്പോഴും ഉണ്ടാകുന്ന നേരിയ surface noise ഉം, ഇടയ്ക്കിടെ വരുന്ന “ടിക് - ടിക്” ശബ്ദങ്ങളുമൊക്കെ noise ന്റെ വകഭേദങ്ങളാണ്. നമ്മിൽ പലർക്കും അടുത്ത് പരിചയമുള്ളതു ഒരുപക്ഷെ tape noise / hiss ആയിരിക്കും. താഴ്ന്ന speed ൽ പ്രവർത്തിക്കുന്ന cassette tapes ൽ നിന്നുള്ള hissing noise ഉം, അതിനെ കുറയ്ക്കാനുതകുന്ന Dolby NR system നൽകുന്ന ആശ്വാസവും ഒട്ടു മുക്കാലും പേർക്ക് പരിചിതവും ആണ്.
പിന്നെ നമ്മിൽ പലരും ശ്രദ്ധിക്കാൻ സാധ്യതയുള്ളത് ആമ്പുകളുടെ hissing noise ആണ്. പല ആമ്പുകളും on ആയിരിക്കുമ്പോൾ, സ്‌പീക്കറിലെ tweeter നടുത്തു കാതു വച്ചാൽ ഇത് കേൾക്കാൻ സാധിക്കും. Volume കൂടുന്നതനുസരിച്ചു noise level കൂടും. കഴിവതും കുറഞ്ഞ self noise ഉള്ള ആമ്പുകൾ തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യമായിക്കാണുമല്ലോ.
ഇവിടെ പ്രായോഗികമായി ശ്രദ്ധിക്കേണ്ട ഒന്നു രണ്ടു കാര്യങ്ങൾ സൂചിപ്പിക്കാം. ആദ്യ പടി power amp ൻ്റെയും, preamplifier ൻ്റെയും noise levels പരിശോധിക്കലാണ്. പല integrated ആമ്പുകളിലും “pre-out, power amp-in” RCA sockets ഉണ്ടാകും; ഇവ തമ്മിൽ ഘടിപ്പിക്കുന്ന “റ” ആകൃതിയിലുള്ള links ഉം കാണും. ഇവ ഊരി മാറ്റുക. (ആമ്പ് switch off ആയിരിക്കണേ!) Power amp L-R inputs ൽ short ചെയ്ത രണ്ടു RCA plugs കടത്തി വയ്ക്കുക – ആമ്പിന്റെ inputs പൂർണമായി ground ചെയ്യാനാണിത്. ആമ്പ് സാവകാശം on ചെയ്യുക, തുടർന്ന് tweeter ൻ്റെ അടുത്ത് ചെന്ന് hiss level കേട്ട് ഓർമയിൽ സൂക്ഷിക്കുക. Noise വളരെ കുറവാണെങ്കിൽ നിങ്ങൾ ഭാഗ്യവാൻ!
ആമ്പ് off ചെയ്യ്തതിനു ശേഷം shorted RCA കൾ ഊരി മാറ്റി “റ” links പുനഃസ്ഥാപിക്കുക. ആമ്പ് on ചെയ്ത് volume knob അല്പം ഉയർത്തുക – സാധാരണ പാട്ടു കേൾക്കുന്ന position ൽ അല്പം താഴെ. സ്പീക്കറിനടുത്തു ചെന്ന് ചെവി കൊടുക്കുക. Volume അല്പം കൂടി ഉയർത്തുക. (ഒരു സഹായിയുടെ സേവനം ഇവിടെ കാര്യങ്ങൾ എളുപ്പമാക്കും.) അങ്ങിനെ പടി പടിയായി hissing ഒരു വിധം നന്നായി കേൾക്കാവുന്ന നിലയിൽ volume knob position (clock നു അനുസൃതമായി – 8 മണി, 9 മണി, 11 മണി, 12 മണി ഇങ്ങിനെ…) ഉയർത്തി position നോട്ടു ചെയ്യുക.
ഉദാഹരണത്തിന്, സാധാരണയായി പാട്ടു കേൾക്കുമ്പോൾ volume level 8 -9 നു അടുത്താണെന്നു കരുതുക; noise കേൾക്കാൻ വേണ്ടി വന്ന level 11-12 ആണെന്നും കരുതുക. എങ്കിൽ സാധാരണ ഉപയോഗത്തിൽ വലിയ ഉത്കണ്ഠയുടെ കാര്യമില്ല. Audio reproduction ൽ masking എന്നൊരു പ്രക്രിയ ഉണ്ട്. ഉച്ചസ്ഥായിയിലുള്ള ശബ്ദങ്ങൾ അതിനേക്കാൾ താഴ്ന്ന ശബ്ദങ്ങളെ “mask ” ചെയ്യും, അതായതു കേൾവിയിൽ നിന്നും മറച്ചു കളയും. അതിനർത്ഥം, സാധാരണ level ൽ സംഗീതം കേൾക്കുമ്പോൾ preamp / power amp ൽ നിന്നുള്ള noise തികച്ചും inaudible ആയിരിക്കും. അതിനെക്കുറിച്ചു അകാരണമായി വേവലാതിപ്പെട്ട് സ്വസ്ഥത കളയേണ്ടതില്ല – പണവും!
സാധാരണയായി preamp section നു ശേഷമായിരിക്കും volume control വരുന്നത്. അതിനാൽ volume level കുറയ്ക്കുമ്പോൾ, സിഗ്നലിനോടൊത്തു noise ഉം കുറയും. അത് നല്ലതാണു. പ്രത്യേകം പ്രത്യേകമായ pre, power amplifiers ഉള്ളവർക്ക്.ഈ നിരീക്ഷണങ്ങൾ എളുപ്പം നടത്താവുന്നതേയുള്ളു. അഥവാ അവരുടെ power amp നു noise അല്പം കൂടുതലാണെന്നു തോന്നുന്ന പക്ഷം, noise കുറഞ്ഞ ഒരു നല്ല power amp കടം വാങ്ങി test ചെയ്യാവുന്നതേയുള്ളൂ. ഇന്നത്തെ കാലത്തുള്ള ഒരു മാതിരി നല്ല ആമ്പുകളെല്ലാം തരക്കേടില്ലാത്ത noise performance ഉള്ളതാണെന്ന് മറക്കേണ്ട.
വിട്ടു പോയ / വിട്ടു കളഞ്ഞ മറ്റൊരു കാര്യം humming noises ആണ്. Power supply യുടെ പോരായ്മകൾ കൊണ്ടും, grounding / earthing പോരായ്മകൾ കൊണ്ടും പല രീതിയിലും, level ലിലും ഉള്ള humming noises പ്രകടമാവാറുണ്ട്. ഒരു ഹോബിയിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഇവ പരിഹരിക്കുന്നത് അടിസ്ഥാനപരമായ കഴിവായി കണക്കാക്കപ്പെടുന്നു. അതിനു വേണ്ട പഠനവും, പരിശീലനവും, പരീക്ഷണങ്ങളും അത്യാവശ്യം തന്നെ. സൗകര്യം പോലെ മറ്റൊരു ലേഖനത്തിൽ അതൊക്കെ പരിശോധിക്കാമെന്ന് കരുതുന്നു.
അടുത്തതായി musical notes & harmonics, distortion ൻ്റെ പലവിധ വകഭേദങ്ങൾ ഇവയെ പരിശോധിക്കാം.
തുടർന്ന് വായിക്കുമല്ലോ.
നന്ദി.
============
Harmonics / overtones നെക്കുറിച്ചു പറയാൻ ധാരാളം കഥകളും കാര്യങ്ങളും ഉണ്ട്. സംഗീതാസ്വാദനത്തിൻ്റെ കാതൽ, ഉപകരണങ്ങളുടെ selection ൽ ശ്രദ്ധിക്കേണ്ട specs ൻ്റെ ആവശ്യകത ഇവയെക്കുറിച്ച് ബോധവാന്മാരാകാൻ ഇത് നമ്മെ സഹായിക്കും. അല്ലെങ്കിൽ specs നു പിറകെ അനാവശ്യമായി കാടു കയറി ബുദ്ധിമുട്ടും.
സംഗീതത്തിന്റെ അവിഭാജ്യ ഘടകമാണ് harmonics. സംഗീതത്തിന്റെ സ്വരഗുണം അഥവാ ധ്വനി (timbre) നൽകുന്നത് വിവിധ harmonics ന്റെ സ്വരച്ചേർച്ച കൊണ്ടാണ്. സംഗീതോപരണങ്ങളുടെ പ്രകൃത്യാലുള്ള (natural, unamplified ) ശബ്ദത്തിൽ pure notes എന്ന് പലപ്പോഴും പറയുന്നതിലും harmonics അടങ്ങിയിട്ടുണ്ട്. ( തികച്ചും ശുദ്ധമായ ഒരു single note പുറപ്പെടുവിക്കുന്നത് ഒരു tuning fork ആകാനേ വഴിയുള്ളു.)
![]() |
| String Vibration Modes showing fundamental and overtones. Note: Amplitudes are NOT to scale. |
Audiophiles നെ സംബന്ധിച്ചിടത്തോളം അവരുടെ താല്പര്യം ആദ്യത്തെ ഒന്ന് രണ്ടു harmonics ലാണ്, വിശേഷിച്ചും 2nd harmonic ൽ. എന്ത് കൊണ്ടാണിത്? ഇത് കൃത്യമായി മനസ്സിലാക്കണമെങ്കിൽ harmonics നെ അല്പം കൂടി അടുത്തറിയണം. സ്വരച്ചേർച്ച അഥവാ musical harmony ഉളവാകുന്നത് octave പരമായി (ഇരട്ടി, ഇരട്ടിയുടെ ഇരട്ടി എന്നിങ്ങനെ ) ബന്ധമുള്ള overtones / harmonics അതിന്റെ fundamental note മായി ചേരുമ്പോഴാണ്. അതായതു, even harmonics ആയ 2nd, 4th, 6th എന്നിവ fundamental മായി ചേരുമ്പോൾ വളരെ “musical” ആയ അനുഭവം ഉളവാക്കും. അതെ സമയം, ഏതെങ്കിലും കാരണവശാൽ 2nd harmonic നു പകരം 3rd harmonic ആണ് മുന്നിൽ നിൽക്കുന്നതെങ്കിൽ ശബ്ദ സൗകുമാര്യം നഷ്ടപ്പെടുകയും ചെയ്യും. (Harmony v. disharmony.)
ഇവിടെ ഒരു കാര്യം ഓർത്തിരിക്കേണ്ടതുണ്ട് – Harmonic distortion, Inter-modulation distortion ഇവ പിന്നീട് ചർച്ച ചെയ്യുമ്പോൾ, എന്ത് കൊണ്ടാണ് HD യെക്കാളും IMD ശല്യക്കാരനാണെന്നു പറയുന്നത് എന്ന് മനസ്സിലാക്കണമെങ്കിൽ ഈ വസ്തുത മനസ്സിൽ ഉണ്ടാകണം. ലളിതമായ ഈ വിശദീകരണം ശ്രദ്ധിക്കൂ.
കാതുകളുടെ കള്ളക്കളികൾ
ശ്രീപദ്മനാഭസ്വാമിയുടേതായാലും, അമ്പലപ്പുഴ ശ്രീകൃഷ്ണന്റേതായാലും പാല്പായസം രുചിട്ടുള്ളവർക്കറിയാം അതിന്റെ ഒരു പ്രത്യേക രുചിയും, വായിൽ കപ്പലോടിക്കുന്ന ഗന്ധവുമൊക്കെ. ആ വലിയ പാത്രം പായസത്തിൽ ഒരു നുള്ള് ഉപ്പിട്ടാലോ? പായസരുചിയുടെ ഉസ്താദല്ല നിങ്ങൾ എന്നിരുന്നാലും ഒരു നിമിഷം കൊണ്ട് നിങ്ങളുടെ നാവ് അത് തിരിച്ചറിയും, നിങ്ങളുടെ ആസ്വാദനം തലകുത്തി മറിയും. ഏതാണ്ടിതുപോലെ തന്നെയാണ് നമ്മുടെ കാതുകളുടെ അവസ്ഥയും. വേണ്ടതിനേക്കാൾ, വേണ്ടാത്തതൊക്കെ (അതെത്ര ചെറിയ അളവിലായാലും!) കേൾക്കാൻ നമ്മുടെ ചെവികൾക്കു ഒരു പ്രത്യേക വിരുത് തന്നെയുണ്ട്. Noise & distortion, Harmonic distortion, Inter-Modulation Distortion ഇവയുടെ കാര്യത്തിൽ ഇത് വളരെ ശരിയുമാണ്.
Harmonics സംഗീതത്തിന്റെ ഭാഗമാണ് – even ആയാലും (2nd, 4th, 6th etc), odd ആയാലും (3rd, 5th, 7th etc). ഇവിടെയും ഒരു കാര്യം പ്രസക്തമാണ് – fundamental മായി octave relationship ഉള്ള even harmonics നല്ല രീതിയിൽ “assonance” (സ്വരച്ചേർച്ച) നൽകുന്നതിനാൽ അവയെ പ്രത്യേകമായി തിരിച്ചറിയാൻ പ്രയാസമാണ്, അതേസമയം അതീവ ആസ്വാദ്യകരമാണുതാനും. എന്നാൽ നേരിയ രീതിയിൽ “dissonance” നൽകുന്ന odd harmonics നെ, level വളരെക്കുറവാണെങ്കിൽ പോലും, കാതുകൾ എളുപ്പം തന്നെ അരോചകമാണെന്നു തിരിച്ചറിയുന്നു. അത് പോലെ IMD കാരണം ഉളവാകുന്ന frequencies നു fundamental മായി ഒരു തരത്തിലുള്ള harmonic relationship ഉം ഇല്ലാത്തതു കൊണ്ട് തന്നെ അവയെ ശല്യക്കാരാണെന്നു ear / brain അടയാളപ്പെടുത്തുന്നു. ഇതു കൊണ്ടാണ് HD യെക്കാളും വലിയ വില്ലൻ IMD specs ആണെന്ന് പൊതുവെ അംഗീകരിച്ചിട്ടുള്ളത്.
ആമ്പ് selection നെക്കുറിച്ചുള്ള ഘോരമായ വാദ-പ്രതിവാദങ്ങൾക്കിടയിൽ പലരും ശ്രദ്ധിക്കാത്ത ഒരു കാര്യവും ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്. ചില ആമ്പുകൾ even harmonics തെളിമയോടെ നൽകും, മറ്റു ചിലത് odd harmonics നെയായിരിക്കും മുന്നിലേക്ക് കൊണ്ട് വരിക. ഇതും subjective ആയ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ഓർത്തിരിക്കേണ്ട കാര്യം, push-pull amplifiers (class-A ആയാലും, class-AB ആയാലും) ഈ രണ്ടാമത്തെ തരത്തിലാണ് പെടുന്നത് – അവയുടെ output odd harmonics നെയായിരിക്കും ഉയർത്തി കേൾപ്പിക്കുന്നതു. ഇക്കാരണത്താലാണ് audiophiles പൊതുവെ even harmonics നെ പിന്തുണക്കുന്ന single-ended amplifiers നെ പ്രണയിക്കുന്നതും. പ്രണയത്തിനു കണ്ണും കാതുമില്ലെന്നും അറിവുള്ളവർ പറയുന്നുണ്ട് !
Distortion
ഒരു ബലാത്സംഗിയുടെ ആക്രാന്തത്തോടെ volume control നെ പിടിച്ചു കശക്കുന്ന ഉത്സവപ്പറമ്പിലെ മൈക്ക് ഓപ്പറേറ്ററുടെ വിക്രിയകൾ സൃഷ്ടിച്ചു വിടുന്ന കർണ കഠോരമായ ശബ്ദ ശല്യമാണ് distortion എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടി വരുന്നത്. അത് ശരി തന്നെയാണ്. ഇതിനെയാണ് “plain distortion” എന്ന് പറയുന്നത്. ആമ്പ് overload കാരണമുണ്ടാകുന്ന waveform distortion ആണിതിന്റെ പ്രധാന കാരണം. ഇതുകാരണം extreme clipping കാരണമായി sine wave output, square wave ആകാനും, അങ്ങിനെ speaker / tweeters, amp ഇവ “അടിച്ചു പോകാനും” എളുപ്പമാണ്. Waveform distortion ൻ്റെ മറ്റൊരു കാരണം ആമ്പിന്റെ ശരിയായ രീതിയിൽ / നിലയിൽ ഉള്ള bias ൻ്റെ അഭാവമാണ്. Input signal overload ഉം മറ്റൊരു കാരണമാണ്.
ഗൃഹാന്തരീക്ഷത്തിൽ power amp output overload ഉണ്ടാവാൻ സാധ്യത കുറവാണു – ഉടമസ്ഥന് ആക്രാന്തം കുറവാണെങ്കിൽ ! താഴ്ന്ന volume level ലിൽ distortion അനുഭവപ്പെടുന്നെങ്കിൽ bias ശരിയാണോ, ആമ്പ് circuit നു എന്തെങ്കിലും പോരായ്മ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. കൂടുതൽ ശ്രദ്ധിക്കേണ്ടത്, വിശേഷിച്ചും ഇക്കാലത്തു, high output CD players, DACs ഇവ preamp ലേക്ക് കണക്ട് ചെയ്യുമ്പോൾ ഉയർന്ന level കൈകാര്യം ചെയ്യാൻ ശേഷി ഉള്ള inputs select ചെയ്യേണ്ടതാണ്. അല്ലെങ്കിൽ preamp ഓ, power amp ഓ overloaded ആകാനും, distortion ഉണ്ടാവാനും സാധ്യതയുണ്ട്.
എന്നാൽ distortion ഈ ലളിതമായ സങ്കല്പത്തിൽ ഒതുങ്ങി നിൽക്കുന്ന ഒന്നാണോ? അല്ലേയല്ല ! Waveform distortion ഒട്ടും തന്നെ ഉണ്ടാകാത്ത സാഹചര്യങ്ങളിലും ഈ വില്ലൻ തല ഉയർത്തും. അതേക്കുറിച്ചു അടുത്ത ഭാഗത്തിൽ പരിശോധിക്കാം.
തുടർന്ന് വായിക്കുമല്ലോ.
നന്ദി.
============
ഓഡിയോ സംബന്ധിച്ച പൊതുവെയുള്ള നമ്മുടെ പല ധാരണകളും തിരുത്തലിന് വിധേയമാവേണ്ടിയിരിക്കുന്നു. പലരുമായിട്ടുള്ള interactions ൽ നിന്ന് അതാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ഇതിലൊന്നാണ്, waveform distortion ഉള്ള സാഹചര്യങ്ങളിൽ മാത്രമാണ് distortion ഉണ്ടാവുക എന്നത്. തീർച്ചയായും അങ്ങിനെയല്ല.
ഒട്ടും തന്നെ waveform distortion ഇല്ലെങ്കിലും, അവിടെ മുന്പില്ലായിരുന്ന ഒരു frequency (അതെത്ര തന്നെ perfect ആണെങ്കിലും!) generated ആകുമ്പോൾ ആ പ്രക്രിയയും distortion എന്ന ലേബലിൻ്റെ കീഴിലാണ് വരിക. അതായതു, ഉള്ള frequencies ൻ്റെ purity / clarity ഇല്ലാതാക്കുന്നതും, ഇല്ലാത്ത പുതു frequencies ജനിപ്പിക്കുന്നതും രണ്ടും ഒരു പോലെ “distortion” തന്നെയാണ്. ഈ സങ്കൽപം ഉൾക്കൊണ്ടെങ്കിൽ മാത്രമേ HD, IMD ഇവയെ പരിശോധിക്കാൻ കഴിയൂ.
Harmonic Distortion
സാമാന്യം നല്ല quality ഉള്ള ഒരു ആമ്പിൻ്റെ input - output രണ്ടും നല്ല സംവേദനക്ഷമതയുള്ള (sensitive) lab instruments ലേക്ക് ഘടിപ്പിക്കുക. ശേഷം ആമ്പിലേക്കു ഒരു 1 kHz pure tone feed ചെയ്യുക. Output നിരീക്ഷിക്കുക. ആമ്പിന്റെ gain setting നു അനുസൃതമായി ഒരു amplified 1 kHz sine wave അവിടെക്കാണാം. വളരെ നല്ലതു; അതാണല്ലോ നമ്മൾ പ്രതീക്ഷിക്കുന്നതും.
എന്നാൽ സൂക്ഷ്മ നിരീക്ഷണത്തിൽ മറ്റു ചിലതു കൂടി അവിടെ പ്രത്യക്ഷപ്പെടുന്നതായി കാണാനാവും. വളരെ താഴ്ന്ന level ൽ (അമ്പതിലൊന്നോ, നൂറിലൊന്നോ ഒക്കെ ആകാം – ആമ്പിന്റെ ക്വാളിറ്റി അനുസരിച്ചു) 2 kHz, 3 kHz എന്നീ frequencies കൂടി കാണപ്പെടുന്നു എന്ന് കരുതുക. (അവയുടെ waveforms നൂറു ശതമാനം perfect ആണ് താനും.) എന്താണിവിടെ സംഭവിച്ചിരിക്കുന്നത്?
ആമ്പിന്റെ നേരിയ non-linearity, circuit topology യുടെ ചില പ്രത്യേകതകൾ, ഡിസൈനറുടെ വൈദഗ്ധ്യക്കുറവ് ഇത്യാദി കാരണങ്ങളാൽ ഈ ആമ്പ് 1 kHz ൻ്റെ 2nd & 3rd harmonics കൂടി ജനിപ്പിച്ചിരിക്കുന്നു! അവയുടെ level പരിശോധിച്ചാൽ മിക്കപ്പോഴും fundamental note ൻ്റെ അമ്പതിലൊന്നോ, നൂറിലൊന്നോ, ഒരു പക്ഷെ ഇരുനൂറിലൊന്നോ ആയിരിക്കും.
ഈ പ്രതിഭാസമാണ് Harmonic distortion. ആമ്പിന്റെ നേരിയ പോരായ്മകളാണ് ഇതിനു നിദാനം. ( ഒരു 100 % perfect amp എന്നത് അസംഭവ്യമായ ഒന്നാണ്.) ഇതിനെ എളുപ്പം അളക്കാനും, ക്രോഡീകരിക്കാനും കഴിയും. ഇതാണ് സാധാരണയായി കണ്ടു വരുന്ന “THD = 0.01% “ എന്നൊക്കെയുള്ള spec.
വേണ്ടതും, വേണ്ടാത്തതും
ഇവിടെ ഉദിക്കുന്ന മറ്റൊരു ചോദ്യമുണ്ട്. (ഒരു “purist” audiophile ൻ്റെ മനസ്സിലേക്ക് ഇങ്ങനെയുള്ള അനാവശ്യ ചോദ്യങ്ങളൊന്നും കടന്നു വരില്ല തന്നെ – ആദർശത്തിന്റെ ലോകത്തു മാത്രം ജീവിക്കുന്ന ഒരാളാണ് അദ്ദേഹം...) ഈ “distortion” ൽ വേണ്ടതും, വേണ്ടാത്തതും ഉണ്ടോ? ഉണ്ടെന്നും ഇല്ലെന്നും പറയാം.
Rock music ഗിറ്റാർ വാദകരെ നോക്കുക. Creativity യുടെ ഭാഗമായി “പുതു ശബ്ദങ്ങളുടെ” പിറകെ പോകുന്ന അവർ മിക്കപ്പോഴും noise, harmonic distortion ഇവ മനഃപൂർവം തങ്ങളുടെ ആമ്പുകളിലേക്കു കടത്തി വിടാറുണ്ട്. ഇതിനു സഹായകമായ fuzz boxes, tremolo generators, stomp boxes എന്നിവ rock സംഗീതജ്ഞരുടെ ഇടയിൽ വളരെ popular ആണ്. Fuzz box ൻ്റെ ജോലി തന്നെ sound waveform നെ നന്നായി distort ചെയ്തു ഏതാണ്ടൊരു square wave പരുവമാക്കി, ശേഷം കുറേയേറെ harmonics കൂടിചേർത്ത് വാരി വിതറുക എന്നതാണ്. പക്ഷെ ഒന്നു പറയാം, distortion വളരെക്കൂടുതലുള്ള അസാധാരണമായ ഈ ശബ്ദവിന്യാസം പ്രേക്ഷകർക്ക് പൊതുവായി വളരെ ആകർഷകമായി തോന്നാറുമുണ്ട്.
ശബ്ദസൗകുമാര്യത്തിലേക്കുള്ള കുറുക്കുവഴി അല്പം 2nd harmonic അല്ലേ എന്ന് ചിന്തിക്കുന്ന മറ്റൊരു കൂട്ടർ audiophiles നിടയിലുണ്ടെന്നത് വാസ്തവം. ഒരു നുള്ളു 2nd harmonic ചേർക്കുന്നത് എന്ത് പ്രശ്നങ്ങളും പരിഹരിക്കാൻ പോന്ന ഒരു ഒറ്റമൂലിയായി കരുതുന്നവർ ധാരാളമുണ്ട്. Original music ന്റെ ഭാഗമായി, സംഗീതത്തോട് ഇഴ ചേർന്നു വരുന്ന 2nd harmonic ആസ്വാദനമാധുര്യം ഉയർത്തുന്നു. പക്ഷെ ഇത് കൃത്രിമമായി കുത്തി നിറയ്ക്കുന്നത് ഒരിക്കലും ആശാസ്യമല്ല തന്നെ. Fidelity എന്ന സങ്കല്പത്തിന്റെ അടിവേരറുക്കുന്ന ചിന്താഗതിയാണിത്.
![]() |
| Fig-1 |
അടുത്തതായി ഒരു ശതമാനം (0.01%) second harmonic (H2 – 2 kHz) ഇതിനോടൊപ്പം ചേർക്കുന്നു. ‘Scope ൽ വ്യത്യാസമൊന്നും കാണപ്പെടുന്നില്ല. പക്ഷെ കേൾവിക്കോ? ശബ്ദത്തിനു ഒരു “പുതു ജീവൻ” കൈവന്നതായി തോന്നുന്നു. (Pure sine wave tone ൻ്റെ ശബ്ദം “clinical and dry” ആയിട്ടാണ് തോന്നപ്പെടുക.) പരീക്ഷണം തുടരുന്നു. ഇപ്രാവശ്യം വളരെ ഉയർന്ന 10 ശതമാനം (0.1 %) H2 ആണ് fundamental നോട് ചേർക്കുന്നത്. (Fig - 2)ആശ്ചര്യമെന്നു പറയട്ടെ, ‘scope ൽ വലിയ മാറ്റമൊന്നും waveform നു കാണുന്നില്ല. അതേസമയം കേൾവി അനുഭവം മാറി മറിയുന്നു – അതീവ ഹൃദ്യമായ ഒരു സംഗീതസ്വരമായി ആ 1kHz tone മാറിയിരിക്കുന്നു.
സാങ്കേതികമായിപ്പറഞ്ഞാൽ, ഇവിടെ Harmonic Distortion “അസഹനീയമെന്നു” കരുതാവുന്ന വളരെ ഉയർന്ന 10 % ആണ്. പക്ഷെ അതേസമയം ശ്രവ്യാനുഭവം വളരെ ഹൃദ്യമാണു താനും! ഇതുതന്നെയാണ് 2nd Harmonic ൻ്റെ മായാജാലം.
ഇതേ പരീക്ഷണം third harmonic (H3) ഒരല്പം ചേർത്ത് നോക്കിയാലോ? ഒരു ശതമാനം H3 ‘scope ൽ വളരെ നേരിയ വ്യത്യാസം കാണിക്കും. (Spectrum Analyzer ൽ ആണെങ്കിൽ എളുപ്പം, വ്യക്തമായി കാണാം.) പക്ഷെ ആദ്യ കേൾവിയിൽ തന്നെ “എന്തോ ഒരു കുഴപ്പം” ഉണ്ടെന്നു തോന്നിപ്പിക്കുന്നു; ശബ്ദത്തിന്റെ purity നഷ്ടപ്പെട്ടു, ഒരല്പം rough ആയി എന്നൊക്കെ നിസ്സംശയം പറയാം.
H3 നേരത്തേപ്പോലെ 10 ശതമാനത്തിലേക്കുയർത്തിയാലോ? (Fig - 3 ) കാര്യങ്ങൾ പൂർണമായും പിടി വിട്ടു പോയിരിക്കുന്നു എന്ന് കാണാം. ‘Scope trace നു sine wave ൻ്റെ ലക്ഷണമൊന്നുമില്ല. Waveform peaks ‘flat’ ആയി ഒരു square wave ൻ്റെ ഉറ്റ ബന്ധു ആയിരിക്കുന്നു. കേൾക്കാനോ ? കർണ കഠോരം എന്നല്ലാതെ എന്തു പറയാൻ. Harmonic distortion എന്ന് പറഞ്ഞാൽ ഇങ്ങിനെയിരിക്കണം !
(കേൾവിയുടെ പ്രാധാന്യം: മേൽ വിവരിച്ച പല വിഷയങ്ങളും അതിനോട് ബന്ധപ്പെട്ട ഉദാഹരണങ്ങൾ "കേട്ടു നോക്കി" മനസ്സിലാക്കുന്നതാണ് മെച്ചം. പക്ഷെ sound files നേരിട്ട് Blog ൽ post ചെയ്യാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട്, സമയം കിട്ടിയാലുടൻ അതിനു ഒരു സംവിധാനം ഒരുക്കാം എന്ന് കരുതുന്നു. ദയവായി അല്പം ക്ഷമിക്കുക.
പാൽപ്പായസത്തിന്റെ മാധുര്യം നേരിട്ടുള്ള രുചിനോക്കലിൻ്റെ അനുഭവത്തിൽ മാത്രമേ ലഭിക്കൂ. (“The proof of the pudding is in the eating.”) Harmonics ൻ്റെ മായാജാലവും, അതേപോലെ തന്നെ HD / IMD ഇവയുടെ “ചൊറിച്ചിലും” (irritation) അനുഭവവേദ്യമാവണമെങ്കിൽ കേട്ടു തന്നെ നോക്കണം. അതിനായി അല്പം കൂടി ക്ഷമിക്കുമല്ലോ. അത് പോലെ തന്നെ കേൾവി അനുഭവങ്ങളിലൂടെ വിലയിരുത്തേണ്ട ഒന്ന് തന്നെയാണ് വ്യത്യസ്ത ആമ്പുകളുടെ ശബ്ദശുദ്ധിയും, അവ കാതുകൾക്ക് നൽകുന്ന “ഇമ്പവും”. ഇതും കുറച്ചു ശബ്ദ samples ൻ്റെ സഹായത്തോടെ നമുക്ക് ഈ പരമ്പരയുടെ അവസാനഭാഗത്തു പരിചയപ്പെടാം.)
![]() |
| Cello |
ഇതെങ്ങിനെ സാധ്യമാവുന്നു? ഓരോ ഉപകരണവും പുറപ്പെടുവിക്കുന്ന അടിസ്ഥാന ശബ്ദത്തിലും (fundamental), കൂടെ ചേർന്ന് നിൽക്കുന്ന harmonics ൻ്റെ level, അവയുടെ ratio ഇവയിലൊക്കെ നേരിയ വ്യത്യാസങ്ങൾ ഉണ്ടായിരിക്കും. ഇവയാണ് ആ ഉപകരണങ്ങളുടെ “sound signature”. വായ്പാട്ടിലും (voice) ഇവ പ്രസക്തമാണ്. ഇതാണ് identification എളുപ്പവും, സംശയരഹിതവും ആക്കുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, തനതായ harmonics ആണ് ശബ്ദത്തിനു individuality യും, “ജീവനും” നൽകുന്നത്.
THD+N എന്ന ചിരപരിചിതമായ spec നെക്കുറിച്ചു പറഞ്ഞു വരുമ്പോൾ വിട്ടു പോകാൻ സാധ്യതയുള്ള ഒന്ന് കൂടിയുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി reviewers ഉം, “വിദഗ്ദ്ധരാണെന്നു” സ്വയം അഭിമാനിക്കുന്ന audiophiles ഉം എടുത്തു വീശുന്ന ഒരു പദമാണ് SINAD. ഇപ്പോൾ ഒട്ടു മിക്ക കമ്പനികളും എന്തോ ഒരു വലിയ കാര്യമാണെന്ന മട്ടിലാണ് SINAD നെ എഴുന്നള്ളിക്കുന്നത്. 1960-80 കളിലൊക്കെ ഓഡിയോ ലോകത്തെ മുടിചൂടാമന്നന്മാരായിരുന്ന കമ്പനികളൊക്കെ അവരുടെ “signature amp” കളുടെ THD+N ആയിരുന്നു specify ചെയ്തിരുന്നത്. ഇപ്പോൾ കഴിഞ്ഞ ഒരു നൂറു കൊല്ലമായി വിസ്‌മൃതിയിൽ കിടന്ന ഒന്നിനെ പൊടി തട്ടിയെടുത്തു അവതരിപ്പിച്ചപ്പോൾ SINAD ട്രെൻഡ് ആയി എന്നേയുള്ളു.
ഇത് നമ്മുടെ പഴയ പാവം THD+N തന്നെ – “SIgnal to Noise And Distortion”. Computerized measurement tools ഒന്നുമില്ലാതിരുന്ന പണ്ടു കാലത്തു signal analysis THD+N ആയിട്ടാണ് ചെയ്തിരുന്നത്. ഇക്കാലത്തു അതിന്റെ ആവശ്യം ഇല്ല. മാത്രവുമല്ല SINAD ആണ് നല്ല പ്രകടനത്തിന്റെ സൂചകം എന്ന രീതിയിലുള്ള ഭാഷ്യം വാസ്തവവിരുദ്ധമാണ് താനും. ലളിതമായി പറഞ്ഞാൽ, noise എല്ലായ്‌പ്പോഴും, എന്നാൽ HD മ്യൂസിക് ഉള്ളപ്പോൾ മാത്രവും പ്രകടമാവുന്ന പ്രതിഭാസങ്ങളാണ് എന്നതിൽ നിന്ന് തന്നെ ഇവയെ “കൂട്ടിക്കെട്ടിയുള്ള” ഒരൊറ്റ spec എങ്ങനെ ആമ്പിന്റെ ശ്രവ്യഗുണസൂചകം ആവുമെന്ന് ചിന്തിക്കാവുന്നതേയുള്ളു.
വിശദീകരണങ്ങൾ കുറച്ചു കൂടുതൽ “വിശദ”മായിപ്പോയോ എന്ന് സംശയം. കാര്യങ്ങൾ ഒരു മാതിരി വ്യക്തമായെങ്കിൽ അത് സാരമില്ല എന്ന് കരുതാം. നിങ്ങളുടെ feedback ഉണ്ടെങ്കിൽ മാത്രമേ ഈ ചർച്ചകളുടെ പ്രയോജനം എത്രയുണ്ട് എന്ന് വിലയിരുത്താൻ കഴിയൂ. അടുത്ത ഭാഗത്തിൽ വളരെ പ്രസക്തമായ IMD എന്താണെന്നു നോക്കാം.
തുടർന്ന് വായിക്കുമല്ലോ.
നന്ദി.
============
IMD യെ കഴിവതും ഒഴിവാക്കേണ്ട ഒരു “കുരിശാക്കി” മാറ്റുന്നത് അത് സൃഷ്ടിക്കുന്ന discordance അഥവാ disharmony തന്നെയാണ്. (H-3 യുടെ കാര്യത്തിലും ഇത് നേരത്തെ നമ്മൾ കണ്ടതാണ്.) ഫലമോ? “വേണ്ടാത്തത്” കേൾക്കാൻ “ചെവിയോർത്തിരിക്കുന്ന” കാതുകൾ വളരെയെളുപ്പം IMD artifacts കേൾക്കുകയും, തദ്‌ഫലമായി musical enjoyment നഷ്ടപ്പെടുകയും ചെയ്യുന്നു. എന്ത് കൊണ്ടാണിത് സംഭവിക്കുന്നതെന്ന് ഉദാഹരണങ്ങളിലൂടെ നോക്കാം.
രണ്ടു വ്യത്യസ്ത notes / frequencies ഒരേ സമയം ഒരാമ്പിലൂടെ കടന്നു പോകുമ്പോൾ ആമ്പിൻ്റെ non-linearity കാരണമായി വളരെയെളുപ്പം ഇവ തമ്മിൽ പ്രതി-പ്രവർത്തിച്ചു (inter-modulation) ഇവയുടെ sum and difference frequencies ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഉദാഹരണത്തിന്, 440 Hz ഉം, 1 khz ഉം അടിസ്ഥാന frequencies ആണെങ്കിൽ, യഥാക്രമം 440 + 1,000 = 1,440 Hz ഉം, 1000 - 440 = 560 Hz ഉം inter-modulation products ആയി പുതുതായി ഉണ്ടാവുന്നു. രസകരമായ മറ്റൊരു പരീക്ഷണത്തിനു 14 kHz ഉം, 15 kHz ഉം ഉപയോഗിച്ചാൽ, സാധാരണ ലെവലിൽ കേൾക്കാൻ വിഷമമുള്ള ഈ frequencies നേക്കാൾ മുന്നിൽ നിൽക്കുന്നത് ഇവയുടെ difference frequency ആയ 1 kHz ആയിരിക്കും. (14 + 15 = 29 kHz hearing range നു വളരെ പുറത്തായിരിക്കും.)
IMD ക്കെതിരെയുള്ള പ്രധാന കുറ്റം ഈ IMD artifacts നു ഒറിജിനൽ tones മായി യാതൊരു “harmonic relation”നും ഇല്ലെന്നത് തന്നെയാണ്. (Harmonic Distortion ൽ അങ്ങനെയായിരുന്നില്ല എന്നോർക്കുമല്ലോ. അവിടെ H2 ആയാലും, H3, ആയാലും, ശേഷമുള്ള മറ്റേതൊരു harmonic ആയാലും അവ fundamental ൻ്റെ multiples ആയിരിക്കും.) മുകളിൽ പറഞ്ഞ frequencies തമ്മിലുള്ള ബന്ധം പരിശോധിച്ചു നോക്കിയാൽ ഇത് വ്യക്തമാവും.
മറ്റൊരു വശം, IMD artifacts പൊതുവെ HD artifacts നേക്കാൾ ഉയർന്ന level ലായിരിക്കും കേൾക്കുക. അതായതു discordant / disharmonious ആയിട്ടുള്ള, താരതമ്യേന ഉച്ചത്തിലുള്ള frequencies ആയിരിക്കും IMD സൃഷ്ടിക്കുക. കേൾവിസുഖം നഷ്ടപ്പെടുത്താൻ ഇത്രയൊക്കെ പോരെ. വെറുതെയല്ല സാധാരണ സംഗീതാസ്വാദകർ പോലും IMD spec ഉയർന്ന ആമ്പുകളെ കൈകൊണ്ടു തൊടുക പോലും ചെയ്യാത്തത്.
അളവുകളും, യാഥാർഥ്യവും
ആമ്പുകളെക്കുറിച്ചും, സ്പീക്കറുകളെക്കുറിച്ചും, അവയുടെ measurements നെക്കുറിച്ചും ഒക്കെ ചർച്ച ചെയ്യുമ്പോൾ നമ്മൾ മറന്നു പോകുന്ന ചില അടിസ്ഥാന സത്യങ്ങളുണ്ട്. Testing & measurements എളുപ്പമാക്കാനും, standardize ചെയ്യാനുമായി 1 kHz (sinewave) തുടങ്ങിയ ചില specified frequencies ആണ് ഉപയോഗിക്കുന്നത്. ആമ്പുകൾ തമ്മിലുള്ള താരതമ്യങ്ങൾ എളുപ്പമാക്കാൻ ഇത് ഉതകും. ഓർത്തിരിക്കേണ്ട ഒരു പ്രധാന കാര്യം, സംഗീതമെന്നത് ഒന്നോ രണ്ടോ, അഞ്ചോ പത്തോ, നൂറോ ഇരുന്നൂറോ frequencies അല്ല. പല ലെവലിലുള്ള പരശ്ശതം frequencies ഉം, അവയുടെ harmonics ഉം, പിന്നെ വേണ്ടതും വേണ്ടാത്തതുമായ artifacts ഉം ഒക്കെ ചേർന്ന അതീവസങ്കീർണ്ണമായ ഒരു “അവിയൽ” ആണ് നമ്മുടെ കാതുകളിലേക്ക് എത്തുന്നത്.
സംഗീതോപകരണങ്ങളുടെ പ്രകൃത്യാലുള്ള (natural) ശബ്ദങ്ങളിൽ ഈ “വേണ്ടാത്തതൊന്നും” ഉണ്ടാവില്ല. ആമ്പുകളുടെയും, സ്പീക്കറുകളുടെയും (അവ എത്ര തന്നെ നല്ലതായാലും) “ഇടനില” ഉണ്ടാവുമ്പോൾ ഇവ്വിധ വയ്യാവേലികൾ വന്നു കയറിക്കൊള്ളും. ഇവയെ എത്ര കുറയ്ക്കാമോ, അത്രയും fidelity ഉള്ളതായിരിക്കും ആ സ്പീക്കറുകളും ആമ്പുകളും. പൊതുവെ ആമ്പുകളെക്കാൾ വളരെ, വളരെക്കൂടുതൽ ആയിരിക്കും സ്‌പീക്കറുകൾ ഉളവാക്കുന്ന IMD എന്നത് മറ്റൊരു വാസ്തവം.
ചുരുക്കിപ്പറഞ്ഞാൽ ഒരു നല്ല ആമ്പിന്റെ (സ്പീക്കറിന്റെയും !) ധർമ്മം കഴിവതും “ഏച്ചു / വച്ചു കെട്ടുകൾ” ഇല്ലാതെ, input ൽ ലഭിക്കുന്ന ശബ്ദങ്ങളെ “സത്യസന്ധമായി” ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ amplify ചെയ്തു output ൽ നൽകുക എന്നത് മാത്രമാണ്. ഇത് എത്രത്തോളം perfection ഓടുകൂടി ചെയ്യാൻ കഴിയുമോ, അത്രത്തോളം അതിൻ്റെ fidelity ഉയർന്നതാണെന്നു പറയാം. അതായതു, സംഗീതോപകരണങ്ങളുടെയും, വായ്പാട്ടിന്റെയും പ്രകൃത്യാലുള്ള (natural) harmonic content അഥവാ “harmonic profile” അതേപടി നിലനിർത്തി amplify ചെയ്യുക എന്നതാണ് ആമ്പിന്റെ ധർമ്മം. അതാണ് ഒരു “ideal amp”.
ഈ ആദർശമൊക്കെ എത്രമാത്രം പ്രയോഗത്തിൽ വരുമെന്നുള്ളത് മറ്റൊരു കാര്യം. Subjective (വ്യക്തിഗതമായ) judgments നു ഇവിടെ വലിയ ഒരു പങ്കു വഹിക്കാനുണ്ട്. സാങ്കേതികതയിൽ ഊന്നിയ subjective auditions വസ്തുനിഷ്ഠമായി നടത്തുകയാണെങ്കിൽ നല്ല തിരഞ്ഞെടുപ്പുകളിലേക്കു അത് നയിക്കും. ആമ്പുകളെ സംബന്ധിച്ചിടത്തോളം, പലപ്പോഴും measurements നു കടകവിരുദ്ധമായി തിരഞ്ഞെടുപ്പുകളിൽ 2nd harmonics suppress ചെയ്യുന്ന push-pull ആമ്പുകൾക്കു മിക്കപ്പോഴും single-ended ആമ്പുകളുമായി പിടിച്ചു നില്ക്കാൻ സാധിക്കാത്തതും subjective judgments ൻ്റെ മേന്മ കൊണ്ടാണെന്നു കരുതേണ്ടിയിരിക്കുന്നു.
ഇക്കഴിഞ്ഞ പല ഭാഗങ്ങളിലെയും അഭിപ്രായങ്ങൾക്കും, വിശകലനങ്ങൾക്കും അവലംബിച്ചിരിക്കുന്നത് Blaine LaCross, Andrew Park, Don H, David Mellor തുടങ്ങി നിരവധി പ്രശസ്ത ഗവേഷകരുടെ കണ്ടെത്തലുകളാണ്. ഇവരിൽ പലരും പൊതു സ്വീകാര്യതയുള്ള സംഗീതജ്ഞരും, sound engineers ഉം ആണെന്നത് അവരുടെ ഗവേഷണഫലങ്ങളുടെ മാറ്റു കൂട്ടുന്നുമുണ്ട്. അവരുടെ കാൽപ്പാടുകൾ പിൻപറ്റുന്നത് നമ്മുടെയും “ശാസ്ത്രീയമായ സംഗീതാസ്വാദനത്തിനു“ വഴിയൊരുക്കും, തീർച്ച.
അടുത്ത ഒരു ഭാഗത്തോടെ ഈ പരമ്പര അവസാനിക്കുകയാണ്. അവസാന ഭാഗത്തിൽ ഇതേ വരെ നമ്മൾ പരിശോധിച്ച പല വിഷയങ്ങളെയും ഉദാഹരിക്കുന്ന sound files ഉൾപ്പെടുത്താമെന്നു കരുതുന്നു. "Hearing is believing" എന്നാണല്ലോ പ്രമാണം. പറഞ്ഞു കേൾക്കുന്നതിനേക്കാൾ, കേട്ട്, നോക്കുന്നതിനു തന്നെ കൂടുതൽ വിശ്വാസ്യത, വിശേഷിച്ചും audiophiles ന്.
തുടർന്ന് വായിക്കുമല്ലോ.
നന്ദി.
= = = = = = = = = = = =
സംഗീതോപാസന ആജീവനാന്തം നീളുന്ന ഒരു പ്രക്രിയയാണ്. നിരന്തര “സാധക”ത്തിലൂടെ മാത്രമേ mastery യുടെ അരികും മൂലയും തൊടാനാവൂ എന്നത് പച്ചപ്പരമാർത്ഥം. ലോകമറിയുന്ന സംഗീതജ്ഞരെ നോക്കൂ. ഒരു ദിവസത്തെ എത്ര മണിക്കൂർ സമയമാണ് അവർ ആചാര്യ കൃതികളെയും, മറ്റു സംഗീതകാരെയും കേൾക്കാനും, കേൾവിയിലൂടെ നൂതന ആശയങ്ങൾ / നവം നവങ്ങളായ രീതികൾ അവതരിപ്പിക്കാനും വിനിയോഗിക്കുന്നത്? ഇതാണ് യഥാർത്ഥ സാധകം.
ഈ ഡിജിറ്റൽ യുഗത്തിൽ പോക്കറ്റിൽ കൊണ്ട് നടക്കാവുന്ന ഒരു digital player ൽ കിട്ടാവുന്നത്രയും masters ൻ്റെയും, മറ്റു സംഗീതകൃതികളും നിറച്ചു വച്ച്, യാത്രക്കിടയിലും മറ്റു ഇടവേളകളിലും നിരന്തരം കേൾക്കുന്നവരാണ് ഇന്നത്തെ സംഗീതജ്ഞർ ഒട്ടു മിക്കവരും. ആ കേൾവിഗുണമാണ് അവരെ മുന്നോട്ടു നയിക്കുന്നതും.
ഒരു നവജാത ശിശുവിനെ നോക്കുക. അവസാനത്തെ ഏതാനും മാസം അമ്മയുടെ വയറ്റിൽ കിടന്നും, ശേഷം പുറം ലോകത്തെ നേരിട്ടും കേൾവിയിലൂടെ ഏതാണ്ട് ഒരു വർഷത്തിൽ പരം അനുഭവിച്ചു, അതിൻ്റെ sound templates മനസ്സിൽ ആവാഹിച്ചതിനു ശേഷം മാത്രമേ സംസാരം എന്ന സാഹസത്തിലേക്ക് ഒരു ശിശു കടക്കുന്നുള്ളു.
Audio hobbyists നും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കേൾവിയുടെ നിത്യ സാധകം. കേൾവി തന്നെയാണ് പരമപ്രധാനം…കേൾവി തന്നെയാണ് അടിസ്ഥാനം. ഒന്നോർക്കുക – കേൾവിയുടെ മാറ്റുരയ്ക്കാൻ വേണ്ടത് പ്രകൃത്യാലുള്ള ശബ്ദങ്ങളുടെ ചിരപരിചയവും, “unplugged” സംഗീതോപകരണങ്ങളുടെ നാദവും തന്നെയാണ്. അത് മാത്രമേ സംഗീതാരാധകനായ ഒരു ഹോബിയിസ്റ്റിനെ “വേണ്ട വിധം” ശബ്ദ “സത്യ”ത്തിൻ്റെ നേർ വഴിയിലൂടെ നയിക്കുകയുള്ളു എന്നാണെൻ്റെ ഉറച്ച വിശ്വാസം.
ശാസ്ത്രീയ തിരഞ്ഞെടുപ്പുകൾ
ശബ്ദ സത്യം ഒരു ലക്ഷ്യമായിക്കണ്ടു യാത്ര ചെയ്യുന്ന ഏതൊരുവനും ഒരു “final arbiter” (അവസാന വാക്ക് ) ആയി സ്വീകരിക്കുന്നത് കാതുകളെ തന്നെയാണ്. പക്ഷെ അത് വെറുമൊരു “ഇഷ്ടം” മാത്രമായി ചുരുങ്ങുമ്പോഴാണ് കുഴപ്പങ്ങൾ തല പൊക്കുന്നത്. കാതുകൾ കൊണ്ടുള്ള തിരഞ്ഞെടുപ്പുകളെ നയിക്കേണ്ടത് ശാസ്ത്രീയതയിലും, “സാധക”ത്തിലും അടിസ്ഥാനപ്പെടുത്തിയ judgements തന്നെയാണ്, ഒരു സംശയവുമില്ല.
ഇവിടെയാണ് ആവർത്തിച്ചുള്ള കേൾവിയുടെ പ്രാധാന്യം സംഗതമാവുന്നതും. ഇതിനു സഹായകമായ, മുൻപ് വിവരിച്ച പല ശാസ്ത്രീയ വശങ്ങളെയും ഉദാഹരിക്കുന്ന ചില sound files ആണ് ഇന്ന് നാം പരിശോധിക്കുന്നത്. നമ്മുടെ ആസ്വാദനത്തെ ഈ പരിചയം മറ്റൊരു തലത്തിലേക്ക് ഉയർത്തും, തീർച്ച.
![]() |
| 100 Hz Spectrogram |
ആദ്യം ഒരു 100 Hz pure sine wave കേട്ടു നോക്കാം. തുടർന്ന് അതിലേക്കു വളരെ ചെറിയ ശതമാനം Harmonic Distortion കലർത്തി നോക്കാം.
![]() |
| 100 Hz Plus HD |
![]() |
| 100 Hz plus HD (no perceivable difference) |
![]() |
| 100 Hz plus extreme HD Spectrogram |
ഈ ഉദാഹരണങ്ങൾ pure sine wave ഉപയോഗിച്ചുള്ള testing ശൈലിയിലാണ്. ഇതേ പരീക്ഷണം ഒരു സംഗീത ശകലം ഉപയോഗിച്ചായാലോ? തുടർന്നുള്ള മൂന്ന് sound files ശ്രദ്ധിക്കുക.
വളരെ രസകരമായിരിക്കുന്നു … ഒന്നാമത്തെ file music മാത്രം. File-2, അല്പം HD കൂടി ചേർത്തപ്പോൾ ആ സംഗീത ശകലം വളരെ “സംഗീതാത്മകം” ആയി മാറിയതായി തോന്നുന്നു. പക്ഷെ നമ്മെ ഞെട്ടിപ്പിക്കുന്നത് മൂന്നാമത്തെ sound sample ആണ് – pure sine wave ൻ്റെ “കോലം കെടുത്തിയ” അത്ര തന്നെ extreme HD കലർത്തിയപ്പോഴും അതിന്റെ “സംഗീതാത്മകത” കുറഞ്ഞിട്ടില്ല എന്നു മാത്രമല്ല, ഒരു “പുതു ശബ്ദ വിന്യാസം” ഉദയം കൊള്ളുകയും ചെയ്തിരിക്കുന്നു. പല ഗിറ്റാർ വാദകരും ഈ ടെക്‌നിക് സ്ഥിരമായി ഉപയോഗിക്കാറുണ്ട് – HD അവരുടെ കൈകളിൽ ഒരു creative tool ആയി രൂപാന്തരപ്പെട്ടിരിക്കുന്നു. നമ്മുടെ കാതുകളെ “തുറപ്പിക്കുന്ന” ഒരു കേൾവി അനുഭവം ആണിത്.
ഒന്ന് രണ്ടു 1 kHz ഉദാഹരണങ്ങൾ കൂടി നോക്കിയാലോ? വളരെ പോപ്പുലർ ആയ ഒരു test frequency ആണല്ലോ 1 kHz – ഏതുറക്കത്തിലും ഒരു ഹോബിയിസ്റ്റിനു തിരിച്ചറിയാൻ കഴിയുന്നതായിരിക്കണം ഇത്.
മുകളിലെ Sound file ൻ്റെ ആദ്യം കേൾക്കുന്നത് ഒരു 1 kHz pure sine wave tone ആണ്.
രണ്ടാമത്തെ sample ഫണ്ടമെന്റലിനോട് അതിന്റെ 2nd harmonic ആയ 2 kHz കൂടി ചേർത്തതാണ് – ഒരു കാര്യം ശ്രദ്ധിക്കുക, “കേൾക്കാൻ പാകത്തിന്” 2nd harmonic ൻ്റെ level 1 kHz fundamental നോടൊപ്പമാക്കിയിരിക്കുന്നു. അതായതു, ഇപ്പോൾ HD വളരെ, വളരെ ഉയർന്ന നിലയിൽ ആണ്. തർക്കമില്ല, ഇപ്പോൾ HD നന്നായി കേൾക്കാൻ കഴിയുന്നു.
ഇനി മൂന്നാമത്തെ sample ലേക്ക് പോകാം – ഇവിടെയും രണ്ടാമത്തേത് പോലെ തന്നെ 1 kHz + 2nd harmonic ആണ് ചേർത്തിരിക്കുന്നതു. പക്ഷെ ഒരു വ്യത്യാസമുണ്ട് – ഇവിടെ 2nd harmonic ൻ്റെ level (natural ആയി ഉണ്ടാകുന്നതു പോലെ) വളരെ താഴ്ന്ന -50dB യിൽ ആണ്. നല്ല വണ്ണം ശ്രമിച്ചു നോക്കൂ, ആ നേരിയ 2nd harmonic distortion കേൾക്കാൻ കഴിയുന്നുണ്ടോ? ആദ്യത്തെ ആ pure tone മായി എന്തെങ്കിലും വ്യത്യാസം കേൾക്കാനാവുന്നുണ്ടോ ? സംശയമാണ് …
അവസാനിപ്പിക്കുന്നതിന് മുൻപ് രസകരമായ മറ്റൊരു പരീക്ഷണത്തിലേക്കു കൂടി പോകാമെന്നു തോന്നുന്നു. Sound file ഒന്നാം ഭാഗം ഒരു 1 kHz pure sine wave tone ആണ്; രണ്ടാം ഭാഗം ശ്രദ്ധിച്ചു കേൾക്കൂ …എന്താണ് കേൾക്കുന്നത്? അല്പം “ക്ഷീണിച്ച” ഒരു 1 kHz തന്നെയാണോ അത്? മറ്റെന്തെങ്കിലും കൂടി കേൾക്കുന്നുണ്ടോ…കാതുകൾ അല്പം കൂർപ്പിച്ചു ശ്രദ്ധിക്കൂ…
നിങ്ങളുടെ കാതുകൾ നിങ്ങളെ വഞ്ചിച്ചിട്ടില്ല – കേൾക്കുന്നത് 1 kHz തന്നെ, അല്പം “ശക്തി” കുറഞ്ഞിട്ടുണ്ടെന്നു മാത്രം. പക്ഷെ ഇതെവിടെ നിന്ന് വന്നു? അത് എളുപ്പം കേൾക്കാൻ കുറച്ചു വിഷമമുള്ള രണ്ടു frequencies ൻ്റെ (13 kHz & 14 kHz ) intermodulation product ആയ 1kHz ആണെന്നതാണ് വാസ്തവം! അവിടെ എങ്ങാനും ആ fundamentals (13 kHz & 14 kHz ) കേൾക്കാനുണ്ടോ? എന്ത് തോന്നുന്നു ??
ഇതൊക്കെയാണ് കേൾവിയുടെ “സത്യങ്ങൾ”. Test instruments ൽ ദൃശ്യമാകുന്ന നേരിയ വ്യതിയാനങ്ങൾ കേൾവി അനുഭവത്തിൽ പ്രകടമാവണമെന്നില്ല. കൃത്യമായ തിരഞ്ഞെടുപ്പുകൾ എത്ര ദുഷ്കരമാണെന്നു ബോധ്യപ്പെട്ടു കാണുമല്ലോ.
ഇവിടെ അവലംബിക്കാവുന്ന ഒരു പ്രായോഗിക രീതി താരതമ്യ auditions ആണ്. സുദീർഘമായ കേൾവി താരതമ്യങ്ങളിലൂടെ നമ്മുടെ കാതുകൾക്കിണങ്ങുന്ന സ്പീക്കറുകളും, ആമ്പുകളും മറ്റും തിരഞ്ഞെടുക്കാവുന്നതേയുള്ളു. അവയുടെ spec കളെക്കുറിച്ചു ചിന്തിച്ചു മനസ്സ് പുണ്ണാക്കുന്നതിനു പകരം, ആ സമയം നല്ല സംഗീതം ആസ്വദിക്കുന്നതിനു ചിലവാക്കിയാൽ fidelity യിലേക്കുള്ള നമ്മുടെ യാത്ര ആനന്ദമയമായിരിക്കും.
ഈ പരമ്പര ഇവിടെ അവസാനിക്കുന്നു.
ശബ്ദസത്യാന്വേഷികൾക്കു ഒരു എളിയ വഴികാട്ടി ആയിരിക്കും ഇതെന്ന് കരുതുന്നു. അടിസ്ഥാന തത്വങ്ങളെ ലളിതമായി അവതരിപ്പിക്കാനാണ് ഇവിടെ ശ്രമിച്ചിട്ടുള്ളത്. ആഴത്തിലുള്ള വായനയ്‌ക്കും, പഠനത്തിനും ധാരാളം web resources ഇക്കാലത്തു ലഭ്യമാണല്ലോ. അതിലേക്കുള്ള ഒരു ചവിട്ടുപടിയായിത്തീരാൻ ഈ പരമ്പരക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ കൃതാർത്ഥനായി.
നന്ദി, നമസ്കാരം.
= = = = = = = = = = = =






























നന്നായിട്ടുണ്ട്. നന്ദി സർ 🙏
ReplyDeleteThank You
ReplyDeleteതുടർച്ച വേഗമാകട്ടെ സാർ. വായിക്കാൻ സർവാത്മനാ തയ്യാർ❤
ReplyDeleteനിങ്ങളുടെയൊക്കെ ആവേശം എന്നെ പ്രചോദിപ്പിക്കുന്നു.
Deleteപരന്ന വായന (ഇത് മാത്രമല്ല!) നിങ്ങളെ നയിക്കട്ടെ.
നന്ദി.
❤️
ReplyDeleteSuperb Sir
ReplyDeleteSuperb sir waiting for next chapter
ReplyDeleteതാല്പര്യത്തോടെയുള്ള വായനക്ക് നന്ദി.
ReplyDeleteഇന്നുവരെ മലയാളത്തിൽ ഇങ്ങനെ ഒരു ബ്ലോഗ് ഉണ്ടായിട്ടില്ല. ടെക്കി അല്ലാത്തവർക്കുപോലും കാര്യങ്ങൾ മനസിലാക്കിഎടുക്കാൻ കഴിയുന്ന വിധത്തിൽ നല്ല നിലവാരത്തോടെയാണ് ഉണ്ണികൃഷ്ണൻ സർ 5-ആം ഭാഗം വരെ എത്തിച്ചിരിക്കുന്നത്. തുടർന്ന്നും വിഷയ സമൃദ്ധിയോടെ/സംമ്പൂഷ്ട്ടിയോടെ മുന്നോട്ട് വരട്ടെ എന്ന് ആഗ്രഹിക്കുന്നു നന്ദി പ്രിയപ്പെട്ട സർ 🙏
ReplyDeleteസർ,അഞ്ചാമത്തെ ഭാഗം വളരെ നന്നായി. വിഷയത്തിന്റെ സങ്കീർണ്ണത വളരെ ലളിതമായും സൂക്ഷ്മതയോടെയും അവതരിപ്പിച്ചു.വളരെ നന്നായിട്ടുണ്ട് സർ.. അഭിനന്ദനങ്ങൾ 🥰🙏👌.
ReplyDeleteനന്ദി, നന്ദി, ഒരിക്കൽ കൂടി... 🙏
ReplyDeleteഅസൂയ ഉണ്ടെങ്കിലും ഇഷ്ട വിഷയത്തോടുള്ള അത്യാസക്തൻ ആയതുകൊണ്ട്തന്നെ വിഷയത്തോടുള്ള പ്രതിബദ്ധത കാരണം സത്യസന്ധമായ മറുപടി പറയാതെ വയ്യ. ലളിതമായ മലയാളത്തിൽ ഒരു കഥയോ കവിതയോ വായിക്കുന്ന അനുഭൂതിയിൽ, വിഷയത്തിന്റെ പരമപ്രധാന സാരാംശം അവതരിപ്പിച്ചത് മനോഹരവും വ്യത്യസ്തവും ആരാധന ഉളവാക്കുന്നതുമാണ്. ദയവായി ദൗത്യം തുടരുക. എല്ലാ വിധ നന്മകളും ആശംസിക്കുന്നു ..... സ്നേഹത്തോടെ .... ചന്ദ്രഭാനു .ടി
ReplyDeleteനിങ്ങളുടെ സ്നേഹത്തിനു മുന്നിൽ ഞാൻ തല കുനിക്കുന്നു …
ReplyDelete🙏
Delete👍
ReplyDelete